കൊച്ചിയിലെ വെള്ളക്കെട്ട്; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്ന് മേയർ
വെള്ളം ഒഴുകിപ്പോകാൻ മാസ്റ്റർ പ്ലാൻ വേണം, ഇത് കോർപറേഷന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല
കൊച്ചി: കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയതിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്ന് കൊച്ചി മേയർ അനിൽകുമാർ. വെള്ളം ഒഴുകിപ്പോകാൻ മാസ്റ്റർ പ്ലാൻ വേണം, ഇത് കോർപറേഷന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. നഗരാസൂത്രണത്തിനും കൊച്ചി ഇങ്ങനെ ആയതിൽ പങ്കുണ്ടെന്ന് മേയർ മീഡിയാവണിനോടേ് പറഞ്ഞു.
രാവിലെ പെയ്ത കനത്ത മഴയിലാണ് കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയത്. കലൂർ, കടവന്ത്ര, എം ജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. രാവിലെ പെയ്ത് തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തോരാതെ നിന്നു.ഇതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വേഗത്തിൽ വെള്ളത്തിലാകുകയായിരുന്നു.
ഹൈക്കോടതി പരിസരം, ബാനർജി റോഡ്, നോർത്ത് , എം ജി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞു. ഇതോടെ ജനങ്ങൾ കുടുങ്ങി. യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.