കടുവയെ തിരഞ്ഞ് വനംവകുപ്പ്; വാകേരിയിൽ നിരോധനാജ്ഞ
കടുവയുള്ള സ്ഥലം വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു
വയനാട്: വയനാട് വാകേരിയിൽ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതായി സൂചന. പ്രദേശവാസികളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ ടി സംഘവും തെരച്ചിൽ ഊർജിതമാക്കി.
പ്രദേശവാസികളിൽ ഒരാളാണ് കടുവയെ കണ്ട വിവരം വനംവകുപ്പിന്റെ അറിയിച്ചത്. കടുവയുള്ള സ്ഥലം വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. മാരമല, തൊണ്ണൂറേക്കർ, ഗാന്ധിനഗർ എന്നിവിടങ്ങളിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ വാകേരിയിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിക്കുകയാണ്.
ആളുകളോട് ജാഗ്രത പാലിക്കാനും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. വാകേരിയിലെ പൂതാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, വാകേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവ തന്നെയാണോ ഇതെന്ന് സ്ഥിരീക്കേണ്ടതുണ്ട്. അതേ കടുവ തന്നെയെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാൽ മയക്കുവെടി വെക്കുന്നതിലേക്ക് കടക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.