കടം കൊടുത്ത പണത്തിന് അമിത പലിശ ഈടാക്കി ഭീഷണിപ്പെടുത്തിയ മുൻ ബി.ജെ.പി നേതാവ് അറസ്റ്റിൽ
പാറശാല സ്വദേശി പ്രവീൺ കുമാർ ആണ് അറസ്റ്റിലായത്.
പാറശാല: പലിശക്ക് പണം കൊടുത്ത് അമിത പലിശ ഈടാക്കി ഭീഷണിപ്പെടുത്തിയ മുൻ ബി.ജെ.പി നേതാവിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല സ്വദേശി പ്രവീൺ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. പാറശാല സ്വദേശിയായ ഷമീറിന് 2022ൽ നാലര ലക്ഷം രൂപ കടം കൊടുത്തിരുന്നു. ഇതിന് ഈടായി അനധികൃതമായി ചെക്കും പ്രമാണത്തിന്റെ കോപ്പിയും പ്രവീൺ കൈവശപ്പെടുത്തി. ഒരു ദിവസം 4500 രൂപയാണ് പലിശയിനത്തിൽ വാങ്ങിയിരുന്നത്.
കുറച്ച് മാസങ്ങൾക്ക് ശേഷം ഈ തുക ദിവസ ചിട്ടി ഇനത്തിൽ ഉൾപ്പെടുത്തി 5000 രൂപ പലിശ ആവശ്യപ്പെട്ടു. തുടർന്ന് ചിട്ടി മുടങ്ങിയപ്പോൾ പ്രവീണിന് നൽകിയിരുന്ന ഷമീറിന്റെ ഭാര്യയുടെ പേരിലുള്ള ചെക്കുകൾ ബാങ്കിൽ പതിച്ച് വീണ്ടും 10 ലക്ഷം രൂപ ആവശ്യപ്പെടുകയും കാശ് കൊടുത്തില്ലെങ്കിൽ ഷമീറിന്റെ മാതാവിന്റെ പേരിലുള്ള ഇടിച്ചക്ക പ്ലാമൂടിലുള്ള വസ്തു കൈവശപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് ഷമീറിന്റെ ഭാര്യയുടെ മാല പണയം വെച്ച് ഒരു ലക്ഷം രൂപ കൈക്കലാക്കിയതായുമാണ് പരാതി. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾക്ക് ചിട്ടി നടത്തുവാനുള്ള മതിയായ ലൈസൻസോ സർക്കാർ രേഖകളോ ഇല്ലെന്ന് കണ്ടെത്തി. കൂടാതെ ബോധപൂർവം ഷമീറിന്റെ വസ്തുവകകൾ കൈക്കലാക്കുവാനുള്ള ശ്രമo നടന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.