സെൻകുമാർ, ജേക്കബ് തോമസ്, ആർ. ശ്രീലേഖ...; പുറത്തുചാടുന്ന കാക്കിക്കുള്ളിലെ കാവി
ടി.പി സെൻകുമാർ, ജേക്കബ് തോമസ് ആർ. ശ്രീലേഖ എന്നിവരാണ് ബിജെപിയിൽ ചേർന്ന മുൻ ഡിജിപിമാർ.
കോഴിക്കോട്: പൊലീസിലെ ആർഎസ്എസ് സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്നതിനിടെയാണ് ഒരു ഐപിഎസ് ഓഫീസർ കൂടി ബിജെപിയിലെത്തുന്നത്. മുൻ ഡിജിപി ആർ. ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വമെടുത്തത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശ്രീലേഖയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് അംഗത്വം നൽകിയത്. ക്രമസമാധാന ചുമതയുണ്ടായിരുന്ന ഡിജിപി സെൻകുമാർ, വിജിലൻസ് ഡയറക്ടറായിരുന്നു ജേക്കബ് തോമസ് എന്നിവരാണ് ഇതിന് മുമ്പ് ബിജെപിയിൽ ചേർന്നത്.
2017ൽ സർവീസിൽനിന്ന് വിരമിച്ചതോടെയാണ് ടി.പി സെൻകുമാർ പരസ്യമായി ബിജെപി ബന്ധം തുടങ്ങുന്നത്. അന്ന് ബിജെപി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് സെൻകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഇതിന് പിന്നാലെ ബിജെപി നേതാവായ എം.ടി രമേശ് സെൻകുമാറിനെ വീട്ടിലെത്തി കണ്ടു. തുടർന്ന് സെൻകുമാർ ബിജെപി പാളയത്തിലെത്തി. 2015ൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയാകുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റി. യുഡിഎഫ് അന്ന് സെൻകുമാറിനെ അനുകൂലിച്ച് പിണറായി സർക്കാരിനെതിരെ വലിയ പ്രതിഷേധമുയർത്തി. 2017ൽ സുപ്രിംകോടതിയിൽനിന്ന് അനുകൂലമായ വിധി സമ്പാദിച്ച് സെൻകുമാർ പൊലീസ് തലപ്പത്ത് തിരിച്ചെത്തി.
ബിജെപിയിൽ ചേർന്നെങ്കിലും സജീവരാഷ്ട്രീയത്തിൽ സെൻകുമാർ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. പകരം സംഘ്പരിവാറിന്റെ ആശയപ്രചാരണരംഗത്താണ് കൂടുതൽ സജീവമായത്. സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ നുണപ്രചാരണങ്ങളുടെ ചുമതല സംസ്ഥാനത്തിന്റെ മുൻ ഡിജിപി ഏറ്റെടുക്കുന്നതാണ് പിന്നീട് കേരളം കണ്ടത്. പാകിസ്താനിലെ ദലിതർ സുരക്ഷിതരല്ലെന്ന് 1919ൽ അംബേദ്കർ പറഞ്ഞുവെന്നായിരുന്നു ഒരു ഫേസ്ബുക്ക് പോസ്റ്റ്. 1947ലാണ് പാകിസ്താൻ നിലവിൽവന്നതെന്നും 1919ൽ പാകിസ്താൻ എന്ന ആശയം പോലും ഉണ്ടായിട്ടില്ലെന്നും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഐപിഎസ് ഉദ്യോഗസ്ഥൻ സൗകര്യപൂർവം മറന്നുകളഞ്ഞു.
മദ്രസ അധ്യാപക ക്ഷേമനിധിബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിയായിരുന്ന കെ.ടി ജലീൽ നിയമസഭയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ച് മദ്രസയിൽ മതം പഠിപ്പിക്കാൻ സർക്കാർ കോടികൾ ചെലവാക്കുന്നുവെന്ന് പ്രചരിപ്പിച്ചു. ജെഎൻയു കാമ്പസിലെ പെൺകുട്ടികൾ കോണ്ടമുപയോഗിച്ചാണ് മുടികെട്ടുന്നത് എന്നായിരുന്നു മുൻ ഡിജിപിയുടെ മറ്റൊരു കണ്ടുപിടിത്തം. ജെഎൻയു കാമ്പസ് ഗർഭനിരോധന ഉറകൾകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ആൺകുട്ടികളുടെ മുറിയിൽനിന്ന് പെൺകുട്ടികൾ ഇറങ്ങിവരുന്നത് താൻ കണ്ടിട്ടുണ്ടെന്നും സെൻകുമാർ പറഞ്ഞു.
സെൻകുമാർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ 2005ലെ മറ്റൊരു സംഭവം കൂടി ചർച്ചയായി. എംജി കോളജിൽ എബിവിപി മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ എബിവിപി പ്രവർത്തകരെ അടിച്ച പൊലീസുകാരനെ ഡിഐജിയായിരുന്ന സെൻകുമാർ പരസ്യമായി കയ്യേറ്റം ചെയ്തതായിരുന്നു അത്. താൻ പറഞ്ഞത് അനുസരിക്കാതെ വിദ്യാർഥികളെ അടിച്ചുവെന്ന് ആക്രോശിച്ച സെൻകുമാർ ബൈജുവെന്ന പൊലീസികാരന്റെ കോളറിൽ പിടിച്ചു. നെയിംബോർഡും ഹെൽമറ്റും വലിച്ചെറിഞ്ഞ സെൻകുമാർ സ്‌പോട്ടിൽ സസ്‌പെൻഷനും പ്രഖ്യാപിച്ചു. തന്റെ നിർദേശം ലംഘിച്ചതിൽ ഉന്നത ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള ദേഷ്യമായാണ് അന്ന് അത് കണ്ടിരുന്നെങ്കിൽ എബിവിപി പ്രവർത്തകരെ അടിച്ചതിൽ ആർഎസ്എസുകാരനായ സെൻകുമാറിന്റെ വിരോധമാണ് പൊലീസിനോട് തീർത്തതെന്ന് പിന്നീട് ആരോപണമുയർന്നിരുന്നു. മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രചാരണം നടത്തുന്ന സെൻകുമാർ പൊലീസ് തലപ്പത്തിരുന്ന കാലത്തെ യുഎപിഎ കേസുകളടക്കം പുനരന്വേഷിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.
2021ലാണ് മറ്റൊരു ഡിജിപിയായിരുന്ന ജേക്കബ് തോമസ് ബിജെപി അംഗത്വമെടുത്തത്. തൃശൂരിൽ ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പങ്കെടുത്ത സമ്മേളനത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വമെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്നു.
ഒടുവിൽ ഡിജിപിയായിരുന്നു ആർ. ശ്രീലേഖയാണ് ഇപ്പോൾ ബിജെപി കൂടാരത്തിലേക്ക് ചേക്കേറിയിരിക്കുന്നത്. വെറും മൂന്നാഴ്ചകൊണ്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് എന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലെത്തിച്ചത്. 33 വർഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. വിരമിച്ച ശേഷം കാര്യങ്ങളെ മാറിനിന്ന് കാണാൻ തുടങ്ങിയപ്പോൾ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇതാണ് നല്ല വഴിയെന്ന് തോന്നി. സമൂഹത്തെ സേവിക്കാനുള്ള മാർഗമാണിത്. ബിജെപിയുടെ ആദർശങ്ങളോട് വിശ്വാസമുള്ളതുകൊണ്ട് കൂടെ നിൽക്കുന്നത് എന്നും അവർ പറഞ്ഞു.
എന്നാൽ പതിറ്റാണ്ട് മുമ്പ് ശ്രീലേഖ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും അന്നുതന്നെ അവർക്ക് സംഘ്പരിവാർ പ്രസ്ഥാനങ്ങളെ അടുത്തറിയാമായിരുന്നുവെന്നും പറഞ്ഞ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഫേസ്ബുക്ക് പോസ്റ്റിട്ടു. സർവീസിലിരിക്കുമ്പോൾ തന്നെ സംഘ്പരിവാറുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന ആളാണ് ശ്രീലേഖയെന്ന് തെളിയിക്കുന്നതാണ് ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
''ഒരു വ്യാഴവട്ടത്തിന് മുമ്പ് സംഘത്തിന്റെ പ്രാന്ത കാര്യാലയത്തിലെ ദീപാവലി കുടുംബ സംഗമം. ഉദ്ഘാടക ശ്രീമതി ശ്രീലേഖ ഐപിഎസ്, മുഖ്യപ്രഭാഷണം ഞാനും. പരിപാടി തുടങ്ങുന്നതിന്റെ 10 മിനിറ്റു മുമ്പ് അവർ വേദിയിലെത്തി. പാറി പറന്ന മുടി... മുഖത്ത് ഒരു മെയ്ക്കപ്പുമില്ല. അവരുടെ സ്‌റ്റൈൽ അതായിരിക്കും എന്ന് ഞാൻ കരുതി. പക്ഷേ അതായിരുന്നില്ല കാര്യം. അവരുടെ പ്രിയപ്പെട്ട ആരുടേയോ ആണ്ടു ബലിയായിരുന്നത്രെ അന്ന്. ബലിയിട്ട് വീട്ടിൽ പോലും പോകാതെ ഓടിക്കിതച്ചു വന്നതാണ്. അതിന് അവരു പറഞ്ഞ കാര്യം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. 'സംഘ പരിപാടിയല്ലേ സമയ നിഷ്ഠ കർശനമാകുമല്ലോ' എന്ന്. അവർ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു എന്നതാണ് വസ്തുത''- ശശികല ഫേസ്ബുക്കിൽ കുറിച്ചു.
മുൻ ഡിവൈഎസ്പി സുകുമാരൻ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. നാറാത്ത് കേസ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സുകുമാരൻ. കേസിന്റെ അന്വേഷണത്തിനിടെ സുകുമാരൻ മദ്രസകൾക്കെതിരെ വിവാദ പ്രസ്താവന നടത്തിയതായി ആരോപണമുയർന്നിരുന്നു. മുസ്‌ലിംകളുടെ മനോഭാവമാണ് യുഎപിഎ ചുമത്താൻ കാരണമെന്നും മദ്‌റസാ സിലബസ് പരിഷ്‌കരിക്കണമെന്നും സുകുമാരൻ പറഞ്ഞുവെന്നായിരുന്നു ആരോപണം. സുകുമാരൻ സിപിഎം പ്രവർത്തകരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്ന് നിലവിൽ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ നേരത്തെ ആരോപിച്ചിരുന്നു.
നിലവിൽ ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ വിവാദ നായകനായ എഡിജിപി എം.ആർ അജിത്കുമാർ എലത്തൂർ ബോംബ് സ്‌ഫോടനക്കേസ് പ്രതി ഷാരൂഖ് സെയ്ഫിയെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ അധികം ചർച്ചയാകാതെ പോയതാണ്. ''ഇയാൾ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ സ്ഥിരമായി കേൾക്കുന്നയാളാണ്. വരുന്നത് ഒരു സെൻസേഷണൽ ഏരിയയിൽനിന്നാണ്. നിങ്ങൾക്കറിയാമല്ലോ?'' എന്നായിരുന്നു എഡിജിപി മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോൾ അധികം പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്. ഡൽഹി ഷഹീൻബാഗ് സ്വദേശിയാണ് ഷാരൂഖ് സെയ്ഫിയെന്നാണ് പൊലീസ് പറഞ്ഞത്. പൗരത്വനിയമത്തിനെതിരെ ഏറ്റവും ശക്തമായ സമരം നടന്നതിന്റെ പേരിലാണ് ഷഹീൻബാഗ് രാജ്യത്ത് അറിയപ്പെട്ടത്. ഷാരൂഖ് സെയ്ഫിയുടെ മറവിൽ പൗരത്വസമരത്തെയും ഷഹീൻബാഗിനെയും സംശയത്തിന്റെ നിഴലിലാക്കുന്ന നിലപാടാണ് അന്ന് എഡിജിപി സ്വീകരിച്ചത്.
മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിരമിക്കാനിരിക്കെ നടത്തിയ വാർത്താസമ്മേളനത്തിൽ നടത്തിയ ഐഎസ് പരാമർശം വലിയ വിവാദമായിരുന്നു. കേരളത്തിൽ ഐഎസ് സ്ലീപ്പിങ് സെല്ലുകളുണ്ട് എന്നായിരുന്നു ബെഹ്‌റ പറഞ്ഞത്. സംഘ്പരിവാറിന് എക്കാലവും ഉപയോഗിക്കാവുന്ന ആയുധം കൊടുത്താണ് ബെഹ്‌റ പടിയിറങ്ങിയത്. ആർഎസ്എസ്-ബിജെപി നേതാക്കൾ നിരന്തരം ഇത് ഉദ്ധരിക്കുകയും ചെയ്യാറുണ്ട്. പൊലീസിൽ എന്താണ് നടക്കുന്നത് എന്ന് തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അവിടെ തങ്ങളുടെ ആളുകളുണ്ടെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വർഷങ്ങൾക്ക് മുമ്പ് പരസ്യമായി പറഞ്ഞിരുന്നു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇരിട്ടിയിലെ പ്രഗതി കോച്ചിങ് സെന്ററിൽനിന്ന് 54 പേരാണ് പിഎസ്‌സിയുടെ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഡിജിപി മുതൽ താഴേത്തട്ട് വരെ വ്യാപിച്ചുകിടക്കുന്നതാണ് പൊലീസിലെ സംഘ്പരിവാർ സ്വാധീനമെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങൾ.