പേഴ്സണൽ സ്റ്റാഫ് 25ൽ കൂടരുതെന്ന് LDF നയം; പെൻഷൻ മുടങ്ങാതിരിക്കാൻ അടവുനയം
സജി ചെറിയാൻറെ പേഴ്‌സണൽ സ്റ്റാഫിലെ 16 പേരെ നാല് മന്ത്രിമാർക്കായാണ് വിഭജിച്ചത്. വി.എൻ വാസവന്റെയും മുഹമ്മദ് റിയാസിന്റെയും സ്റ്റാഫിലേക്ക് അഞ്ച് പേരെയും മാറ്റി. ഇതോടെ സ്റ്റാഫുകളുടെ എണ്ണം 25ൽ നിന്ന് 30 ആയി ഉയർന്നു
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിന് രാജി വയ്‌ക്കേണ്ടി വന്ന മുൻ മന്ത്രി സജി ചെറിയാൻറെ പേഴ്‌സണൽ സ്റ്റാഫിലെ 16 പേരെ നാല് മന്ത്രിമാർക്കായാണ് വിഭജിച്ചു. വി അബ്ദുറഹ്‌മാന് ആറും വി.എൻ വാസവന്റെ സ്റ്റാഫിലേക്ക് അഞ്ച് പേരെയും മാറ്റി. സജി ചെറിയാന്റെ സ്റ്റാഫിലെ കെ.വി. ഷംജിത്തിനെ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ നിയമിച്ചു.
അഞ്ചുപേരെയാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് നിയമിച്ചത്. ഇതോടെ സ്റ്റാഫുകളുടെ എണ്ണം 25ൽ നിന്ന് 30 ആയി ഉയർന്നു. സജി ചെറിയന്റെ പ്രൈവറ്റ് സെക്രെട്ടറി മനു സി പുളിക്കലിനെ അബ്ദു റഹ്‌മാന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ് 25 ൽ കൂടരുതെന്ന് എൽഡിഎഫ് നയം നിലനിൽക്കുമ്പോൾ തന്നെയാണ് സ്റ്റാഫംഗം 30 ആയി ഉയർത്തിയത്. പെൻഷൻ മുടങ്ങാതിരിക്കാനെന്ന കാരണമാണ് മാറ്റത്തിന് പിന്നിൽ. വിവിസൈനൻ, കെ. സവാദ്, സഞ്ജയൻ എംആർ, വിഷ്ണു പി ജിപിൻ ഗോപിനാഥ് എന്നിവരെയാണ് ന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫുകളിൽ പുതുതായി ഉൾപ്പെടുത്തിയത്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ആ പദവിയിൽ വരുന്ന ചെറിയ ഒരു ഇടവേള പോലും പെൻഷൻ ആനുകൂല്യങ്ങൾക്ക് തിരിച്ചടിയാകും. ഇതുകൊണ്ടാണ് ആദ്യം പേഴ്‌സണൽ സ്റ്റാഫിൻറെ കാലാവധി നീട്ടുകയും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിൻറെ സ്റ്റാഫിൽ നിയമിക്കുകയും ചെയ്തത് എന്നാണ് ആരോപണം. ഒരു വർഷത്തെ തുടർച്ചയായ സർവീസാണ് പെൻഷന് പരിഗണിക്കുക.
ജൂലൈ ആറിനായിരുന്നു സജി ചെറിയാന്റെ രാജി. സജി ചെറിയാൻ രാജിവെച്ച ശേഷം യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസ് ഏറ്റെടുത്തിരുന്നു. രാജിവെച്ച ശേഷം ജൂലൈ 20 വരെ പേഴ്സണൽ സ്റ്റാഫുകൾക്ക് പിരിഞ്ഞു പോകാനുള്ള സാവകാശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറക്കിങ്ങിയിരുന്നു. അതിനുശേഷം ജൂലൈ 21 മൂതൽ മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. 23നാണ് ഉത്തരവ് പുറത്തിറങ്ങിയതെങ്കിലും 21 മുതലുള്ള പാബല്യം നൽകുന്നുണ്ട്. ഒരു അസിസ്റ്റന്റ് സെക്രട്ടറി, രണ്ട് ക്ലർക്ക്, രണ്ട് ഓഫീസ് അറ്റന്റന്റ്, എന്നീ തസ്തികയിലാണ് ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്.