ആദ്യം കുപ്പി ഉപേക്ഷിച്ചത് വീടിന് പിൻവശത്ത്, ഇവിടെനിന്ന് അമ്മാവൻ കുളത്തിൽ കൊണ്ടിട്ടു; ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് നാലു കുപ്പികൾ
കീടനാശിനിയുടെ കുപ്പി അമ്മാവൻ അന്വേഷണ സംഘത്തിന് കാണിച്ചുക്കൊടുക്കുകയായിരുന്നു
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കീടനാശിനി വാങ്ങിയ കുപ്പി രാമവർമൻചിറയിലെ കുളത്തിൽ നിന്നാണ് കണ്ടെത്തിയത്.
പത്തരയോടെ എസ്പി ഓഫീസിൽ നിന്ന് അന്വേഷണസംഘം പ്രതികളുമായി പാറശ്ശാലയിലേക്ക് പുറപ്പെട്ടു. ആദ്യം പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് തമിഴ്‌നാട് പൊലീസിന് മുന്നിലും സിന്ധുവിനെയും നിർമ്മൽ കുമാറിനെയും എത്തിച്ചു. ശേഷം രാമവർമ്മൻചിറയിൽ എത്തിച്ച് തെളിവെടുത്തു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കീടനാശിനിയുടെ കുപ്പി ഇവിടെനിന്ന് നിർമ്മൽ കുമാർ അന്വേഷണ സംഘത്തിന് കാണിച്ചുക്കൊടുത്തു.
രാമവർമ്മൻചിറയിലെ ഒന്നരമണിക്കൂർ നേരത്തെ തെളിവെടുപ്പിന് ശേഷം രണ്ടു മണിയോടെ ഇരുവരെയും വീട്ടിലെത്തിച്ചു തെളിവെടുത്തു. ഗ്രീഷ്മ ആദ്യം കുപ്പി ഉപേക്ഷിച്ചത് വീടിന് പിൻവശത്തായിരുന്നു. ഇവിടെനിന്ന് അമ്മാവൻ നിർമ്മൽ കുമാറാണ് കുപ്പി കുളത്തിൽ കൊണ്ടിട്ടത്. ഇത് അടക്കമുള്ള കാര്യങ്ങൾ പ്രതികൾ പൊലീസിനോട് വിശദീകരിച്ചു.
വീട്ടിൽ നിന്ന് നാലു കുപ്പി കണ്ടെത്തി. ഒരു കുപ്പിയിൽ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അംശം ഉണ്ടായിരുന്നു. തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട് സീൽ ചെയ്തു. തെളിവെടുപ്പ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് വലിയ ജനക്കൂട്ടം വീടിനു സമീപം തടിച്ചു കൂടിയിരുന്നു.
''കൊലപാതകം ചെയ്തത് ഗ്രീഷ്മ തനിച്ചല്ല''
ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മ തനിച്ചല്ല എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് അച്ഛൻജയരാജും കുടുംബവും. കൊലയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഗ്രീഷ്മയും അമ്മയും അച്ഛനും അമ്മാവനും മറ്റൊരു ബന്ധുവായ സഹോദരിയും ചേർന്നാണ് കൊല നടത്തിയതെന്നാണ് ജയരാജിന്റെ ആരോപണം. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള ആയിരത്തിലധികം വാട്‌സ് ആപ് സന്ദേശങ്ങൾ അന്വേഷണസംഘത്തിന് കൈമാറാൻ തയ്യാറെന്നും ജയരാജ് പറഞ്ഞു.
ഗ്രീഷ്മയുടെആത്മഹത്യ ശ്രമം നാടകമെന്നും ഗ്രീഷ്മക്ക് അവാർഡ് കൊടുക്കണമെന്നും ഷാരോണിന്റെ അച്ഛൻ പരിഹസിച്ചു. ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയെന്ന് പറയുമ്പോഴും പാറശ്ശാല പൊലീസിന്റെ വീഴ്ച കുടുംബം ചൂണ്ടിക്കാട്ടുന്നു.
അതേസമയം അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യംചെയ്യും. ഇവർക്കും തെളിവ് നശിപ്പിച്ചതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഗ്രീഷ്മയ്ക്കെതിരെ നെടുമങ്ങാട് പൊലീസ് ആത്മഹത്യാശ്രമത്തിനും കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റിയേക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും.
14ആം തിയ്യതി ഗ്രീഷ്മയുടെ വീട്ടിൽ പോയ സമയത്ത് ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനക്ക് അയക്കും. ഷാരോണിന്‍റെ ഫോണും ശാസ്ത്രീയ പരിശോധനക്ക് അയക്കും. ഇതുവരെയുള്ള അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് ഷാരോണിന്‍റെ പിതാവ് ജയരാജ് മീഡിയവണിനോട് പറഞ്ഞു. കൂടുതൽ ചോദ്യംചെയ്താൽ ഗ്രീഷ്മയുടെ അച്ഛനും പ്രതിയാകുമെന്നും ജയരാജ് പ്രതികരിച്ചു.