ഭിന്നശേഷി കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കുമായി നാല് മാതൃകാ അസിസ്റ്റീവ് വില്ലേജുകൾ: മന്ത്രി ഡോ.ആർ ബിന്ദു

നിയമസഭയിൽ ബജറ്റ് ധനാഭ്യർത്ഥന ചർച്ചയിലാണ് മന്ത്രിയുടെ പ്രഖ്യാപനം

Update: 2022-07-14 14:15 GMT
Advertising

തിരുവനന്തപുരം: ഭിന്നശേഷി കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാവുന്ന നാല് മാതൃകാ അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുളിയാർ (ഉദുമ), കാട്ടാക്കട, നിലമ്പൂർ, പുനലൂർ എന്നിവിടങ്ങളിലാണ് മാതൃകാ അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിൽ ബജറ്റ് ധനാഭ്യർത്ഥന ചർച്ചയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

ഓട്ടിസം ഉൾപ്പെടെയുള്ള ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ കാലശേഷം കുട്ടികളെ ആര് പരിപാലിക്കും എന്ന വലിയ ചോദ്യമുണ്ട്. മുഴുവൻ സമയവും ഇവരെ പരിപാലിക്കേണ്ടതിനാൽ രക്ഷിതാക്കളിൽ പലർക്കും തൊഴിൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഇവ കണക്കിലെടുത്താണ് പരസ്പരം സഹായമാകുന്ന രീതിയിൽ ഭിന്നശേഷി കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാവുന്ന അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കുന്നത്.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ എല്ലാ പിന്തുണയോടും കൂടിയ വില്ലേജ് കോംപ്ലക്‌സ് ആയിരിക്കും ഇവ ഓരോന്നും. അവിടെ കുട്ടികൾക്കാവശ്യമായ വൈദ്യസഹായം, ബഡ്‌സ് സ്‌കൂൾ തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടാകും.

കാസർഗോട് മൂളീയാറിലെ കേന്ദ്രത്തിന് ഊരാളുങ്കൽ സൊസൈറ്റി പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലമ്പൂരിലും പുനലൂരിലും എംഎൽഎമാർ സ്ഥലം ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കാട്ടാക്കടയിൽ ഓട്ടിസം ബാധിതനായ കുട്ടിയുടെ മാതൃപിതാവ് സൗജന്യമായി നൽകിയ അമ്പതു സെന്റ് ഭൂമിയടക്കം ഉപയോഗപ്പെടുത്തിയാവും അസിസ്റ്റീവ് വില്ലേജ്. കൂടുതൽ എംഎൽഎമാർ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News