ഹരിദാസ് വധം: നാല് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ
കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
കണ്ണൂർ പുന്നോൽ ഹരിദാസ് വധക്കേസിൽ നാല് ആർ എസ് എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. സി കെ അർജ്ജുൻ, കെ അഭിമന്യു, സി കെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഇന്ന് മൂന്ന് പേർ അറസ്റ്റിലായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പുന്നോൽ സ്വദേശികളായ ദിനേശൻ, പ്രജൂട്ടി, മൾട്ടി പ്രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ പ്രതീഷ് സിപിഎം പ്രവർത്തകൻ കണ്ണിപൊയിൽ ബാബു വധക്കേസിലേയും പ്രതിയാണ്. ഇതോടെ കേസിൽ ഇന്ന് അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴ് ആയിരിക്കുകയാണ്. നേരത്തെ അറസ്റ്റിലായ വാർഡ് കൗൺസിലർ ലിജേഷും കൊലപാതക സംഘത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബി.ജെ.പി മണ്ഡലം സെക്രട്ടറിയാണ് പ്രജിത്.
മുമ്പ് നാല് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായിരുന്നത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്. ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ ബി ജെ പി മണ്ഡലം പ്രസിഡന്റും നഗരസഭയിലെ മഞ്ഞോടി വാർഡ് കൗൺസിലറുമായ കെ ലിജേഷ് നടത്തിയ പ്രസംഗവും വിവാദമായിരുന്നു. കൊലപാതകത്തിന് പിന്നാലെ ലിജേഷ് അടക്കം ഏഴ് ബിജെപി ആർഎസ്എസ് പ്രാദേശിക നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Four more RSS workers arrested in Kannur Punnol Haridas murder case