ആപ്പിൾ എ ഡേ ഫ്ലാറ്റ് തട്ടിപ്പ്; പണം തിരിച്ചു നൽകാതെ കമ്പനി
ഭൂമി വിൽപ്പനയിലെ കാലതാമസം മൂലമാണ് പണം നൽകാൻ സാധിക്കാത്തതെന്ന് റിസീവർ
ആപ്പിൾ എ ഡേ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ തുക ഇനിയും കിട്ടിയില്ലെന്ന് നിക്ഷേപകർ. തൈക്കാട്ടുശ്ശേരിയിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞായിരുന്നു കമ്പനി പണം വാങ്ങിയത്. റിസീവർ ഭരണത്തിന് കോടതി ഉത്തരവിട്ടിട്ടും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതി.
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് മാവേലിക്കര സ്വദേശിയായ സി സുരേഷ് കുമാർ ആപ്പിൾ എ ഡേ പ്രോപ്പർട്ടീസിന് പണം നൽകിയത്. പരസ്യം കണ്ടാണ് 2008ൽ പട്ടാളത്തിൽ നിന്നും വിരമിച്ച സുരേഷ് പണം കൈമാറുന്നത്. തൈക്കാട്ടുശ്ശേരിയിൽ നാനോ ഹോം എന്ന പേരിൽ പണിയുന്ന ഫ്ലാറ്റിനായി 2009ൽ എട്ട് ലക്ഷം രൂപ കമ്പനിക്ക് കൈമാറി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഫ്ലാറ്റിന്റെ നിർമ്മാണം ആരംഭിച്ചിരുന്നില്ല. ഇതിനിടെ താൻ ഉൾപ്പെടെയുള്ളവർ തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കി. പന്നീട് മൂന്ന് തവണകളായി 2011 ഒക്ടോബറോടെ മുഴുവൻ തുകയും മടക്കി നൽകാമെന്ന് കമ്പനി ഉറപ്പ് നൽകുകയും എന്നാൽ പത്ത് വർഷം കഴിഞ്ഞിട്ടും പണം നൽകിയിട്ടുമില്ലെന്ന് സുരേഷ് പറയുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന സമയത്താണ് പാലക്കാട് സ്വദേശി ബൽക്കീസ് അബ്ദുൾ ഹക്കീം രണ്ട് ഫ്ലാറ്റുകൾക്കായി പണം നൽകിയത്. 11 ലക്ഷം രൂപ ആപ്പിൾ എ ഡേ പ്രോപ്പർട്ടീസിന് കൈമാറി. സുരേഷിന് സമാനമായ അനുഭവമാണ് ഇവർക്കും ഉണ്ടായത്. നിലിവിൽ റിസീവർ ഭരണത്തിലാണ് കമ്പനി. റിസീവറെ ബന്ധപ്പെട്ടിട്ടും പണം ലഭിക്കുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്.
അതേസമയം ഭൂമി വിൽപ്പനയിലെ കാലതാമസം മൂലമാണ് പണം നൽകാൻ സാധിക്കാത്തതെന്ന് റിസീവർ അഡ്വ.വിനോദ് മാധവൻ അറിയിച്ചു.