നവജാതശിശുവിന് അസാധാരണ വൈകല്യം; തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഡോ. പുഷ്പ
സ്കാനിംഗങ്ങളിൽ അസാധാരണമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് ലാബിന്‍റെ വിശദീകരണം
ആലപ്പുഴ: ആലപ്പുഴയിൽ നവജാതശിശുവിന് അസാധാരണ വൈകല്യമുണ്ടായ സംഭവത്തിൽ തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഡോക്ടർ പുഷ്പ. സ്കാനിംഗങ്ങളിൽ അസാധാരണമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് ലാബിന്‍റെ വിശദീകരണം. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി.
റേഡിയോളജിസ്റ്റിന് ഉണ്ടായ പിഴവിന് തങ്ങളെ പഴിക്കുന്നുവെന്ന് കേസിലെ ഒന്നാംപ്രതി ഡോക്ടർ പുഷ്പ പറഞ്ഞു. ആദ്യ രണ്ട് മാസം മാത്രമാണ് താൻ പരിശോധന നടത്തിയത്. പിന്നീട് ഉണ്ടായ സംഭവത്തെ കുറിച്ച് അറിയില്ലെന്നും പുഷ്പ വ്യക്തമാക്കി.
ആകെ 7 സ്കാനിങ്ങുകളാണ് നടത്തിയത്. ആലപ്പുഴ നഗരത്തിൽ തന്നെയുള്ള മിഡാസിലും ശങ്കേഴ്‌സിലും ആയിരുന്നു പരിശോധന. രണ്ട് ലാബുകളിൽ നടത്തിയ സ്കാനിങ് പരിശോധനയിൽ ഡോക്ടറുടെ സാന്നിധ്യം ഇല്ലെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. സംഭവത്തിൽ ആലപ്പുഴ ഡിവൈഎസ്‍പി എം.ആർ മധു ബാബുവിനാണ് അന്വേഷണച്ചുമതല.
സംഭവത്തിൽ ആരോഗ്യ വിഭാഗം ഡയറക്ടർ ആലപ്പുഴ ഡിഎംഒ ജമുനാ വർഗീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കടപ്പുറം വനിത ശിശു ആശുപത്രിയിലെ സൂപ്രണ്ട് സമർപ്പിക്കുന്ന പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ട് ഡിഎംഒ കൈമാറും.