പേര് മാറ്റി മറ്റൊരു നമ്പറിൽ നിന്ന് ചാറ്റ് ചെയ്തു, വിളിച്ചിറക്കി കഴുത്തറുത്തു; സംഗീതയെ കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരിൽ
ഇന്നലെ രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് സംഗീത
വർക്കല: തിരുവനന്തപുരം വർക്കലയിൽ സംഗീതയെന്ന പെൺകുട്ടിയെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊന്നത് സംശയത്തിന്റെ പേരിലെന്ന് സംശയം. തന്നോടുള്ള സ്‌നേഹം സത്യമാണോ എന്നറിയാൻ പിടിയിലായ പള്ളിക്കൽ സ്വദേശി പ്രതി ഗോപു അഖിൽ എന്ന പേരിൽ സംഗീതയോട് മറ്റൊരു നമ്പറിൽ നിന്ന് ചാറ്റ് ചെയ്തിരുന്നു. ഈ നമ്പറിൽ നിന്നുള്ള ചാറ്റിങ്ങിൽ സംഗീത മറുപടികൾ നൽകിയിരുന്നു. തുടർന്നാണ് രാത്രി അഖിലെന്ന പേരിൽ വീട്ടിൽ നിന്നും വിളിച്ചിക്കി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് സംഗീത. അഖിലിന്‍റെ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് സംഗീത പുറത്തേക്ക് വന്നത്. ഹെൽമറ്റ് ധരിച്ചായിരുന്നു ഗോപു വന്നത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈയിൽ കരുതിയ പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് സംഗീതയുടെ കഴുത്തറുത്തത്.
മുറിവേറ്റ സംഗീത വീടിന്റെ വാതിൽ മുട്ടി. വീട്ടുകാർ വാതിൽ തുറന്നപ്പോൾ വീടിനു പുറത്ത് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സംഗീതയെ കണ്ടത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
കതകില്‍ ആരോ അടിക്കുന്നതു പോലെയുള്ള ശബ്ദം കേട്ടാണ് ഞാനും ഭാര്യയും ഉണര്‍ന്നതെന്ന് സംഗീതയുടെ അച്ഛന്‍ പറയുന്നു.' എന്താണെന്ന് പെട്ടെന്ന് മനസ്സിലായില്ല. ജനല്‍ തുറന്നിട്ട് ആരാണെന്ന് ഞാന്‍ ചോദിച്ചു. എന്‍റെ മോള്‍ക്ക് മിണ്ടാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ പെട്ടെന്ന് കതക് തുറന്നപ്പോഴേക്കും നിറച്ച് രക്തമായി നില്‍ക്കുന്നതാണ് കാണുന്നത്. അവള്‍ പിടയ്ക്കുകയായിരുന്നു. അവള്‍ക്ക് ഒന്നും പറയാന്‍ പറ്റുന്നില്ലായിരുന്നു. എന്‍റെ മോള്‍ക്ക് ഈ ഗതി വന്നല്ലോ"- സംഗീതയുടെ അച്ഛന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് സംഗീത. രാവിലെയാണ് പ്രതി ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.