അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന്‍റെ ചികിത്സയില്‍ സര്‍ക്കാര്‍ അനാസ്ഥയെന്ന് പരാതി
മൂന്ന് മാസത്തോളമായി വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിന് പല തവണ വൈറസ് ബാധയുണ്ടായി ആരോഗ്യനില മോശമായിരുന്നു.
അപൂര്‍വ്വ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുട്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സർക്കാർ സത്യവാങ്മൂലം നൽകുന്നില്ലെന്ന് പരാതി. ജൂണ്‍ 28 നകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരിഫ് പറഞ്ഞു.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗം ബാധിച്ച കുഞ്ഞിന്റെ രോഗം ബേധമാക്കാനുള്ള മരുന്നിന് 16 കോടിയിലധികം രൂപയാണ് വേണ്ടത്. മരുന്ന് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നല്‍കാനും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു കുട്ടിയുടെ പിതാവ് പെരിന്തൽമണ്ണ സ്വദേശി ആരിഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജൂണ്‍ 28നകം വിശദമായ സത്യവാങ്മൂലം നൽകണമെന്ന് സർക്കാരിനോട് നിർദേശിച്ചു. എന്നാൽ കോടതി നിർദേശം സർക്കാർ പരിഗണിച്ചില്ലെന്നു പിതാവ് ആരിഫ് പറയുന്നു.
മൂന്ന് മാസത്തോളമായി വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിന് പല തവണ വൈറസ് ബാധയുണ്ടായി ആരോഗ്യനില മോശമായി. കഴിഞ്ഞ ഫെബ്രുവരിയിൽ ആരോഗ്യ മന്ത്രിയെ നേരിൽ കണ്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലന്നും കുട്ടിയുടെ പിതാവ് പറയുന്നു. നിലവിൽ ഉദാര മനസ്കരുടെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരിഫ്.