'കലാ-സാഹിത്യ സൃഷ്ടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം'; വിവാദ ഉത്തരവ് പിന്‍വലിച്ചു

ആശയക്കുഴപ്പങ്ങളുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു

Update: 2021-09-17 17:35 GMT
Editor : Shaheer | By : Web Desk
കലാ-സാഹിത്യ സൃഷ്ടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം; വിവാദ ഉത്തരവ് പിന്‍വലിച്ചു
AddThis Website Tools
Advertising

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കലാ, സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ വിദ്യാഭ്യാസ ഉപഡയരക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന സര്‍ക്കുലറാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കുലറിനെതിരെ സാംസ്‌കാരികരംഗത്തുനിന്ന് വലിയ തോതിലുള്ള വിമര്‍ശനമുയര്‍ന്നിരുന്നു.

സാഹിത്യ, സംസ്‌കാരിക രംഗങ്ങളില്‍ ഏര്‍പ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്നതിലേക്കുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ പുറപ്പെടുവിച്ചത്. എന്നാല്‍, ഈ സര്‍ക്കുലര്‍ കലാ, സാഹിത്യ, സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. അത്തരമൊരു ഉദ്ദേശ്യം ഈ സര്‍ക്കുലറിനില്ലായിരുന്നു. ആശയക്കുഴപ്പങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്-സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

അനുമതിക്കായി സമര്‍പ്പിക്കപ്പെടുന്ന സാഹിത്യസൃഷ്ടിയുടെ സര്‍ഗാത്മകതയോ ഏതെങ്കിലും തരത്തിലുള്ള ഗുണമേന്മാ പരിശോധനയോ വിദ്യാഭ്യാസ ഓഫീസര്‍ തലത്തില്‍ നടത്തുമെന്നതല്ല ഈ സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിച്ചത്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കപ്പെടുന്ന സത്യപ്രസ്താവനയില്‍ പറയുന്ന തരത്തില്‍ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ് ലക്ഷ്യമിട്ടത്. കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

നിലവില്‍ കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകുകയുള്ളൂ. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കരുതെന്ന കടുത്ത ഉപാധിയോടെയാണ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിനല്‍കിവരുന്നത്. എന്നാല്‍, ഇതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഈ മാസം ഒന്‍പതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News