കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ തരംതാഴ്ത്തൽ നടപടി; റദ്ദാക്കി ഗവർണർ
പഴയ തസ്തികയിൽ നിയമിക്കാൻ ഉത്തരവിറക്കി
Update: 2024-06-28 12:24 GMT
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ മുഹമ്മദ് സാജിദിനെ തരംതാഴ്ത്തിയ സിൻഡിക്കേറ്റ് നടപടി ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കി. സാജിദിനെ മുൻകാല പ്രാബല്യത്തോടെ പഴയ തസ്തികയിൽ നിയമിക്കാൻ ഗവർണർ ഉത്തരവിറക്കി. എല്ലാ സാമ്പത്തിക അനുകൂല്യങ്ങളും മൂന്നുമാസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2014ൽ കാലിക്കറ്റ് സർവകലാശാല പർച്ചേസ് വിഭാഗം മുഖാന്തരം നടത്തിയ ലോക്കൽ ഏരിയ നെറ്റ് വർക്ക് ഇൻസ്റ്റലേഷനിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചായിരുന്നു സാജിദിനെതിരായ സിൻഡിക്കേറ്റ് നടപടി. ഇതേതുടർന്ന് 2020 സെപ്റ്റംബറിൽ രണ്ട് വർഷത്തേക്ക് സാജിദിനെ സസ്പെൻഡ് ചെയ്യുകയും അഞ്ച് വർഷത്തേക്ക് ജൂനിയർ എൻജിനീയറായി തരം താഴ്തുകയും ചെയ്തിരുന്നു.