വിസി നിയമനത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി; മൂന്ന് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിന് സ്റ്റേ

കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു

Update: 2024-07-19 10:37 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: വി സി നിയമനത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു. കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾ സ്റ്റേ ചെയ്തു. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണമാണ് സ്റ്റേ ചെയ്തത്. ചാൻസലറുടെ ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക് ഒരു മാസത്തേക്കാണ്. 

നേരത്തെ, ഫിഷറീസ് സർവകലാശാല വിസി നിയമനത്തിനായി ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചത്. ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഗവർണർ കോടതിയെ അറിയിക്കുകയും ചെയ്തു. 

സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് എതിരെയായിരുന്നു സർക്കാറിന്റെ ഹരജി. വിഷയത്തിൽ സർവകലാശാലക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. മൂന്നാഴ്‌ച കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കും. 

 സർവകലാശാലാ പ്രതിനിധികൾ ഇല്ലാതെയാണ് ഫിഷറീസ് സർവകലാശാല അടക്കം ആറ്‌ സർവകലാശാലകളിലെ വിസി നിയമനത്തിന് ചാൻസലറായ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ജൂൺ 29നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

സംസ്ഥാനത്തെ സർവകലാശാലകളിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികൾ ഏകപക്ഷീയമായി നിയമിക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുൻപ് സർക്കാർ ഹെെക്കോടതിയെ സമീപിച്ചിരുന്നതാണ്. യുജിസിയുടെ 2018 റഗുലേഷൻ പ്രകാരം യുജിസി നോമിനിയെ ഉൾപ്പെടുത്തി അക്കാദമിക് മേഖലയിലുള്ളവരുടെ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കണമെന്നാണ് വ്യവസ്ഥ. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News