എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ഗവർണർ തുടരുന്നു
സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയിരുന്നത്.
കോഴിക്കോട്: എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുത്താണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിലെത്തിയത്. വൈകീട്ടും രാത്രിയുമായി രണ്ട് തവണയാണ് എസ്.എഫ്.ഐക്കാർ പ്രതിഷേധിച്ചത്. സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയിരുന്നത്.
സർവകലാശാല സെനറ്റുകളിലേക്ക് ആർ.എസ്.എസുകാരെ നിയമിച്ചെന്നാരോപിച്ചാണ് എസ്.എഫ്.യുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ഗവർണറെ കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐക്കെതിരെ ഗവർണർ റോഡിലിറങ്ങി പ്രതികരിച്ചതും പ്രതിഷേധത്തിന് കാരണമായി. തുടർന്നാണ് കാമ്പസുകളില്‍ ഗവർണറെ തടയുമെന്ന നിലപാട് എസ്.എഫ്.ഐ സ്വീകരിക്കുന്നത്.
ഈ വെല്ലുവിളി സ്വീകരിച്ചാണ് ഗവർണർ കോഴിക്കോട് സർവകലാശാലയിൽ താമസിക്കാൻ എത്തിയത്. അറുന്നൂറോളം പൊലീസുകാരെയാണ് ഗവർണറുടെ സുരക്ഷക്കായി നിയോഗിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി വൈകീട്ടൊടെ ഗസ്റ്റ് ഹൗസ്സിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തി. ആർഷോ അടക്കമുള്ള സംസ്ഥാന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കനത്ത സുരക്ഷക്കിടെ വൈകീട്ട് ഏഴേ മുക്കാലോടെയാണ് ഗവർണർ സർവകലാശാലയിലെത്തിയത്. ഗസ്റ്റ്ഹൌസിന് പുറത്തെ പ്രതിഷേധത്തിനിടെയാണ് ഗവർണർ കാമ്പസിനകത്ത് പ്രവേശിച്ചത്. മാധ്യമങ്ങളെ കണ്ട ഗവർണർ എസ്.എഫ്.ഐക്കും മുഖ്യമന്ത്രികുമെതിരെയുള്ള വിമർശനം ആവർത്തിച്ചു. എവിടെയാണ് പ്രതിഷേധം? ഞാൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവർണറുടെ പരിഹാസം. പുറത്ത് പ്രതിഷേധിച്ച പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.