മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം: ഐ.ജി ലക്ഷ്മണിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണമുയര്‍ത്തിയാണ് മോന്‍സണ്‍ മാവുങ്കല്‍ കേസിലെ പ്രതി കൂടിയായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഗുരുതര ആരോപണം ഉന്നയിച്ച ഐ.ജി ലക്ഷ്മണിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സര്‍വീസിലിരിക്കെ സര്‍ക്കാറിനെതിരെ നീക്കം നടത്തിയ ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. അതേസമയം ഐ.ജിയുടെ ആരോപണം ആയുധമാക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണമുയര്‍ത്തിയാണ് മോന്‍സണ്‍ മാവുങ്കല്‍ കേസിലെ പ്രതി കൂടിയായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള അസാധാരണ ഭരണഘടനാ അതോറിറ്റി സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ഇടനിലക്കാരനാവുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഹൈക്കോടതി വിവിധ ആര്‍ബിട്രേറ്റര്‍മാര്‍ക്ക് കൈമാറിയ തര്‍ക്ക വിഷയങ്ങള്‍ പോലും ഈ അധികാര കേന്ദ്രം ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ നിന്ന് തലയൂരാനുള്ള പ്രതിയുടെ ശ്രമത്തിനപ്പുറം ഗുരുതരമാണ് ലക്ഷ്മണ്‍ ഉന്നയിച്ച ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത് കടുത്ത സമ്മര്‍ദത്തിലാക്കുന്നുമുണ്ട്. ലക്ഷ്മണിനെതിരെ കൂടുതല്‍ നടപടികള്‍ക്കാണ് ആഭ്യന്തര വകുപ്പിന്‍റെ നീക്കം. സര്‍വീസിലിരിക്കെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒപ്പം ലക്ഷ്മണ്‍ ഉള്‍പ്പെട്ട മറ്റ് ആരോപണങ്ങളില്‍ ഉടന്‍ വിശദമായ അന്വേഷണം നടത്തി കേസെടുക്കാനുള്ള നീക്കവും അണിയറയില്‍ ശക്തം.
ഐ.ജി ലക്ഷ്മണിന് ബി.ജെ.പി പിന്തുണയുണ്ടോ എന്ന സംശയം സര്‍ക്കാരിലെ ചില ഉന്നതര്‍ക്കുണ്ട്. കേന്ദ്രത്തിന്‍റെ പിന്തുണ കിട്ടും എന്ന വിശ്വാസത്തിലാണ് ലക്ഷ്മണ്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ സംശയിക്കുന്നു. മോന്‍സണ്‍ കേസ് ആദ്യം വന്നപ്പോള്‍ ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നില്ല. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ലക്ഷ്മണിനെയും പ്രതിയാക്കിയത്.