ഗ്രീഷ്‌മ ആശുപത്രി വിട്ടു; ഇനി അട്ടക്കുളങ്ങര ജയിലിൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത പ്രതിയെ പൊലീസ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മ ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത പ്രതിയെ പൊലീസ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.
അതേസമയം, കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാം. കേസ് അന്വേഷണത്തിന് തടസമില്ലെന്നാണ് നിയമോപദേശം. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു.
കേസ് തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.
ഷാരോൺ മരിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വിഷം നൽകിയത് തമിഴ്‌നാട്ടിലെ രാമവർമൻചിറയിലെ വീട്ടിൽ വെച്ചാണ്. ഇത് തമിഴ്നാട് പോലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്. അതിനാൽ കേസ് തമിഴ്‌നാടിന് കൈമാറുമോ എന്ന സംശയം നേരത്തെ തന്നെ നിലനിന്നിരുന്നു. എന്നാൽ, കേസ് തമിഴ്‌നാടിന് കൈമാറരുതെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.