വയനാട്ടിൽ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം: പിന്നില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പൊലീസ്
അജയരാജിൻ്റെ ഫോൺ ഹാക്ക് ചെയ്ത് തട്ടിയെടുത്ത നമ്പറുകളിലേക്ക് കുടുംബാംഗങ്ങളുടെയടക്കം മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു
വയനാട്: വയനാട്ടിൽ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി. മീനങ്ങാടി എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് ആപ്പിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് വിശദീകരിച്ചു.
വയനാട് അരിമുളയിൽ മരിച്ച അജയരാജൻ ക്യാൻഡി ക്യാഷ് എന്ന ആപ്പ് വഴിയാണ് വായ്പയെടുത്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. 5,000 രൂപ വായ്പയെടുത്തതിൽ 3,747 രൂപ അജയരാജിന് ലഭിച്ചു. തിരിച്ചടവ് വൈകിയതോടെ ഭീഷണി തുടങ്ങി. അജയരാജിൻ്റെ ഫോൺ ഹാക്ക് ചെയ്ത് തട്ടിയെടുത്ത നമ്പരുകളിലേക്ക് കുടുംബാംഗങ്ങളുടെയടക്കം മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി പദം സിംഗ് വ്യക്തമാക്കി.
അജയരാജന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. ലോട്ടറിക്കച്ചവടക്കാരനായിരുന്ന അജയരാജൻ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 8 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് വിവരം. അജയരാജനും ഭാര്യക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൂടുതൽ ബാധ്യത വരാൻ കാരണമെന്നാണ് സൂചന. ഇതിനിടയിലാണ് ഓൺലൈൻ ലോൺ ആപ്പ് കെണിയിൽ വീണതെന്ന വിവരവും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.