വയനാട് പേര്യയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവെപ്പ്; രണ്ടുപേർ കസ്റ്റഡിയിൽ
അഞ്ചു പേരടങ്ങുന്ന സംഘമാണ് അനീഷ് എന്നയാളുടെ വീട്ടിലെത്തിയത്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്.
വയനാട്: വയനാട് പേര്യയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവെപ്പ്. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരിയ ചപ്പാരത്ത് പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലെത്തിയ സായുധ മാവോയിസ്റ്റ് സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്. രാത്രി വീട്ടിലെത്തിയ സായുധ മാവോയിസ്റ്റ് സംഘം വീട്ടുകാരോട് ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തിറങ്ങവേ തണ്ടർബോൾട്ട് സംഘം വളയുകയായിരുന്നു. സംഘത്തോട് കീഴടങ്ങാനാവശ്യപ്പെട്ടെങ്കിലും വെടിയുതിർക്കുകയായിരുന്നുവെന്നും ഇതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്നും തണ്ടർബോൾട്ട് പറയുന്നു.
നാല് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ടവർക്കായി തണ്ടർബോൾട്ടും പൊലീസും ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കോഴിക്കോട് കൊയിലാണ്ടിയിൽനിന്ന് മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് ഒരാളെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ തമ്പിയെന്ന അനീഷ് ബാബുവാണ് പിടിയിലായത്. ഇയാളിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വയനാട്ടിൽ തിരച്ചിൽ നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.