ഹജ്ജ്; വനിതാ തീർഥാടകരുമായുള്ള ആദ്യ വിമാനം സൗദിയിലെത്തി
നൂറ്റി നാല്പത്തിയഞ്ച് വനിതാ യാത്രക്കാരുമായാണ് കരിപ്പൂരിൽ നിന്ന് വിമാനം സൗദിയിലെത്തിയത്
മലപ്പുറം: ഹജ്ജ് തീർത്ഥാടനത്തിനായി സംസ്ഥാനത്ത് നിന്ന് വനിതാ യാത്രികർക്ക് മാത്രമായി സജ്ജമാക്കിയ ആദ്യ വിമാനം സൗദിയിലെത്തി. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. നൂറ്റി നാല്പത്തിയഞ്ച് വനിതാ യാത്രക്കാരുമായാണ് കരിപ്പൂരിൽ നിന്ന് വിമാനം സൗദിയിലെത്തിയത്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ലേഡീസ് വിത്തൗട്ട് മെഹറം വിഭാഗത്തിലുൾപ്പെട്ട വനിതാ യാത്രികർക്കായാണ് പ്രത്യേക വിമാനം കരിപ്പൂരിൽ നിന്ന് സർവീസ് നടത്തിയത്. വിമാനത്തിലെ നൂറ്റിനാല്പത്തിയഞ്ച് ഹജ്ജ് തീർത്ഥാടകരെ കൂടാതെ പൈലറ്റ് , കോ പൈലറ്റ്, ക്യാബിൻ ക്രൂ ഉൾപ്പെടെ വിമാനത്തിലെ ജീവനക്കാർ മുഴുവൻ വനിതകളായിരുന്നു . തീര്ത്ഥാടകരെ സ്വീകരിച്ചതും വിമാനത്തിന്റെ ഗ്രൗണ്ട് ഹാന്ഡിലിങ് ജോലികള്‍ ചെയ്തതും വനിതാ ജീവനക്കാർ . ഇന്നലെ വൈകീട്ട് ആറ് നാല്പത്തിയഞ്ചിനാണ് വിമാനം പറന്നുയർന്നത്. ഏറ്റവും പ്രായം കൂടിയ തീർഥാടകയായ എഴുപത്തിയാറ് വയസ്സുള്ള കോഴിക്കോട് സ്വദേശി സുലൈഖയ്ക്ക് കേന്ദ്ര സഹമന്ത്രി ബോർഡിങ് പാസ് നൽകി.
സംസ്ഥാനത്തു നിന്ന് ആകെ 16 വിമാനങ്ങളാണ് വനിതാ തീർഥാടകരുമായി ഹജ്ജ് സർവീസ് നടത്തുക. കരിപ്പൂരിൽനിന്ന് 12, കണ്ണൂരിൽ നിന്ന് 3, കൊച്ചിയിൽ നിന്ന് ഒരു വിമാനവുമാണ് വനിതകൾക്കു മാതമായി ക്രമീകരിച്ചിട്ടുള്ളത് . ലേഡീസ് വിത്തൗട്ട് മെഹറം വിഭാഗത്തിൽ സംസ്ഥാനത്തു നിന്ന് 2,733 തീർഥാടകരാണുള്ളത്. ഇതില്‍ 1718 പേർ കരിപ്പൂരിൽ നിന്ന് പുറപ്പെടും., 563 പേർ നെടുമ്പാശ്ശേരിയിൽ നിന്നും 452 പേർ കണ്ണൂരിൽ നിന്നുമാണ് ഹജ്ജിനായി പുറപ്പെടുക .