'നഷ്ടപരിഹാര തുക അപര്യാപ്തം'; സർക്കാരിനെതിരെ രണ്ടാം ഘട്ട സമരവുമായി ഹർഷിന
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ മാസം 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ഉപവാസ സമരം ആരംഭിക്കും. ആരോഗ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഹർഷിനയുടെ ആവശ്യം.
2017 നവംബർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി. ആരോഗ്യമന്ത്രി നിയോഗിച്ച രണ്ട് അന്വേഷണ സമിതികളുടെ റിപ്പോർട്ടിലും കത്രിക കുടുങ്ങിയത് എവിടെ നിന്ന് എന്ന് വ്യക്തമായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 26 മുതൽ ഹർഷിന കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിന് മുന്നിൽ സമരം ആരംഭിക്കുകയും പിന്നീട് ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിക്കുകയും ചെയ്തു. പിന്നാലെ മന്ത്രിസഭ യോഗം ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു.
സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർഷിന രണ്ടാം ഘട്ട സമരത്തിന് ഒരുങ്ങുന്നത്. കോഴിക്കോട് നടന്ന സമരപ്രഖ്യാപന കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.