ഹർത്താലിനിടെ ആക്രമണം: 13 പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; നിരവധി പേർ കരുതൽ തടങ്കലിൽ

ഈരാറ്റുപേട്ടയിൽ പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി

Update: 2022-09-23 05:12 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: പോപുലർ ഫ്രണ്ടിന്റെ ഹർത്താലിനിടെ ആക്രമണം നടത്തിയ 13 പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലപ്പുഴയിൽ വാഹനങ്ങൾക്ക് നേരെയുണ്ടായ കല്ലെറിഞ്ഞ മൂന്ന് പോപുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. അമ്പലപ്പുഴ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി ബസുകളടക്കം 8 വാഹനങ്ങളുടെ ചില്ലാണ് തകർത്തത്.

ഈരാറ്റുപേട്ടയിൽ പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി. വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. 5 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പുറമെ ഈരാറ്റുപേട്ടയിൽ നൂറോളം പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ വൻ പൊാലീസ് സന്നാഹം ഈരാറ്റുപേട്ടയിലുണ്ട്.

മലപ്പുറം പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവഴിയിൽ നിന്നു കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചവരാണ് കസ്റ്റഡിയിലായത്.

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. 16 പേരെ കരുതൽ തടങ്കിലിലാക്കി.

തിരുവനന്തപുരം പോത്തൻകോട് മഞ്ഞ മലയിൽ കടയ്ക്കു നേരെ അക്രമം നടത്തിയ ഒരാൾ കസ്റ്റഡിയിൽ.15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.

പാലക്കാട് കൂറ്റനാട് വാഹനങ്ങൾ തടഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി അടിമാലിയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.ഇരുമ്പുപാലത്ത് വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News