ക്യാൻസർ ചികിത്സാ രംഗത്തെ വെല്ലുവിളി നേരിടാൻ ആരോഗ്യവകുപ്പ് ക്രിയാത്മകമായി ഇടപെടുന്നു: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ക്യാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ക്യാൻസർ ബോർഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

Update: 2022-02-03 10:26 GMT
Editor : afsal137 | By : Web Desk
Advertising

ക്യാൻസർ രോഗ ചികിത്സാ രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിന് സർക്കാർ ക്രിയാത്മക ഇടപെടലുകൾ നടത്തി വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രതിവർഷം 60,000ത്തോളം ക്യാൻസർ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്യുന്നത്. വർദ്ധിച്ചു വരുന്ന ഈ രോഗബാഹുല്യത്തെ തടയുന്നതിനായി ആരോഗ്യ വകുപ്പ് ക്യാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ലാൻ രൂപീകരിച്ച് നടപ്പിലാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ക്യാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു ക്യാൻസർ ബോർഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും ഒരുപോലെ പ്രാധാന്യം നൽകി വരുന്നതായും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ശാക്തീകരിക്കുന്നതിനും അവ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ഫെബ്രുവരി നാലിന് ലോക ക്യാൻസർ ദിനമായി ആചരിച്ചു വരികയാണ്. ഈ വർഷത്തെ ലോക ക്യാൻസർ ദിന സന്ദേശം 'കാൻസർ പരിചരണ അപര്യാപ്തകൾ നികത്താം' എന്നതാണ്. കാൻസർ ചികിത്സാ രംഗത്ത് നിലനിൽക്കുന്ന അപര്യാപ്തകൾ പരിഹരിക്കുക, ചികിത്സാരംഗത്തെ വിടവുകൾ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യ ബോധവൽക്കരണം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ കാൻസർ ചികിത്സാ രംഗത്തെ അസമത്വങ്ങൾ നിലനിൽക്കുന്നു. ഈ അസമത്വങ്ങൾ തിരിച്ചറിയുന്നതിനും ഇവയ്ക്ക് പരിഹാരം കണ്ടെത്തി എല്ലാ ജനങ്ങൾക്കും ഒരേ തരത്തിലുള്ള ക്യാൻസർ ചികിത്സ ഉറപ്പാക്കുന്നതിനും മുൻതൂക്കം നൽകുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട കർമ്മപദ്ധതി. ഈ സന്ദേശം വരുന്ന മൂന്നു വർഷങ്ങളിൽ കൂടി നിലനിൽക്കുന്നതാണ്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 24 കേന്ദ്രങ്ങളിൽ നിന്ന് ക്യാൻസർ രോഗ ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു. ജില്ലാ കേന്ദ്രങ്ങളിൽ ക്യാൻസർ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ ക്യാൻസർ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പിയുൾപ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കുകയാണ് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റേയും തിരുവനന്തപുരം ആർസിസിയുടേയും ആഭിമുഖ്യത്തിൽ ജില്ലാ ക്യാൻസർ കെയർ പ്രോഗ്രാമിന്റെ മുന്നണി പ്രവർത്തകർക്ക് ക്യാൻസർ രോഗ പരിചരണം, പ്രതിരോധം എന്നിവയെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 4ന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വെബിനാർ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം തിരുവനന്തപുരം ആർസിസിയിലെ പുലയനാർകോട്ട ക്യാമ്പസിൽ പ്രിവന്റീവ് ഓങ്കോളജി ഒ.പി.യുടേയും പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News