"അന്ന് എനിക്കുവേണ്ടി കരഞ്ഞവരൊന്നും ഇന്നില്ല... എല്ലാവരും പോയി" ഉള്ളുപൊള്ളി ഉണ്ണിമാഷ്
കൊഞ്ചിയും ചിരിച്ചും സ്കൂൾ മുറ്റത്ത് ഓടിക്കളിച്ചവർ വെള്ളപുതച്ചു കിടക്കുമ്പോൾ അവരെ തിരിച്ചറിയേണ്ട ദുർവിധിയും അധ്യാപകനുമുന്നിലെത്തി
മേപ്പാടി: സ്വന്തം മക്കളെ പോലെ കരുതിയ കുട്ടികളും കൂടപ്പിറപ്പുകളായി കരുതിയ അവരുടെ കുടുംബങ്ങളും നഷ്ടമായതിന്റെ വേദനയിലാണ് വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസ്സ് സ്കൂളിലെ പ്രധാനാധ്യാപകൻ ഉണ്ണിക്കൃഷ്ണൻ. ആ ആഘാതത്തിൽ നിന്ന് ഇനിയും അദ്ദേഹം മുക്തനായിട്ടില്ല. അവരെ പറ്റി പറയുമ്പോഴെല്ലാം അദ്ദേഹത്തിന് കണ്ണുനിറഞ്ഞു, വാക്കുകൾ പൂർത്തിയാക്കാൻ പോലുമാകാതെ നോവ് തൊണ്ടക്കുഴിയിൽ തന്നെ ശബ്ദത്തെ പിടിച്ചുവെച്ചു.
ദുരന്തശേഷം സ്കൂളിലേക്ക് എത്തിയ അധ്യാപകൻ നെഞ്ചുനുറുങ്ങുന്ന വേദനയിലാണ് പ്രതികരിച്ചത്. പതിനെട്ട് വർഷമായി സേവനമനുഷ്ഠിക്കുന്ന സ്കൂളായിരുന്നു വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസ്. ഒരു തവണ സ്ഥലം മാറാൻ ഉത്തരവ് വന്നപ്പോൾ നാട്ടുകാരാണ് അദ്ദേഹത്തെ ഇവിടെ തന്നെ പിടിച്ചു നിർത്തിയത്. അത്രമാത്രം അവർക്ക് പ്രിയപ്പെട്ടവനായിരുന്നു ആലപ്പുഴക്കാരനായ ഉണ്ണികൃഷ്ണൻ എന്ന അവരുടെ ഉണ്ണിമാഷ്. അന്ന് മാഷ് പോവല്ലേയെന്നു പറഞ്ഞ് കരഞ്ഞ് പിടിച്ചു നിർത്തിയ നാട്ടുകാരൊന്നും ഇന്നില്ലെന്നും എല്ലാവരും പോയെന്നും മാഷ് കണ്ണീരോടെ പറയുന്നു. ഗ്രാമം തന്നെ ഒരുകുടുംബമായതോടെ ടീം വെള്ളാർമല എന്നാണ് വിളിച്ചിരുന്നതെന്നും അധ്യാപകർ പറയുന്നു.
സ്കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണിമാഷ് സംഭവ ദിവസം പ്രദേശത്ത് ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയപ്പോൾ കണ്ട കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. കൊഞ്ചിയും ചിരിച്ചും സ്കൂൾ മുറ്റത്ത് ഓടിക്കളിച്ചവർ വെള്ളപുതച്ചു കിടക്കുമ്പോൾ അവരെ തിരിച്ചറിയേണ്ട ദുർവിധിയും അധ്യാപകനുമുന്നിലെത്തി. ദുരന്തത്തിൽ സ്‌കൂളിന്റെ വലിയൊരു ഭാഗമാണ് തകർന്നത്. ശേഷിച്ചവയിൽ കല്ലും മരവും അടിഞ്ഞുകൂടി.