കൊടും ചൂട് ശമിക്കുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Update: 2024-05-04 07:41 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി  കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ  മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തും. മലബാർ മേഖലക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവന്നേക്കും. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

പാലക്കാട് ഡിവിഷന് കീഴിലാണ് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയത്. വൈകിട്ട് 7 മണി മുതൽ പുലർച്ചെ 1 മണി വരെ ഏത് സമയത്തും കറൻ്റ് പോകും. സമാനമായി കൂടുതൽ ലോഡ് ഉപയോഗിക്കുന്ന മറ്റു പ്രദേശങ്ങളുംകെ.എസ്.ഇ.ബി കണ്ടെത്തി. ഇവിടെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. സർവകാല റെക്കോർഡിട്ട് കഴിഞ്ഞ ദിവസം 11.59 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്. എന്നാൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിലൂടെ വൈകുന്നേരത്തെ പീക്ക് സമയ ആവശ്യകത കുറക്കാനായെന്നാണ് വിലയിരുത്തൽ.

പരമാവധി 15 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്താനാണ് നിലവിലെ തീരുമാനം. കൂടുതൽ പ്രദേശത്തേക്ക് ചിലപ്പോൾ വ്യാപിപ്പിക്കും. രണ്ടുദിവസം ഇത് പരിശോധിച്ച് നിയന്ത്രണം തുടരണോ വേണ്ടയോ എന്നതിൽ തീരുമാനം എടുക്കും. ജനത്തിന് ഇരുട്ടടിയായി ഈ മാസവും സർചാർജ് പിരിക്കാൻ തീരുമാനിച്ചു. മാർച്ച് മാസത്തെ ഇന്ധന സർചാർജ് നോടൊപ്പം റെഗുലേറ്ററി കമ്മീഷൻ നേരത്തെ അംഗീകരിച്ച നിരക്ക് കൂടി ചേർത്താണ് യൂണിറ്റിന് 19 പൈസ ഈടാക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News