ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ, മലപ്പുറം, കാസർ​കോട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് അവധി

Update: 2024-08-01 15:44 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് നാളെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കാസർകോട്,കോഴിക്കോട്,കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് അവധി.

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു.

തൃശൂര്‍ ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും തൃശൂർ ജില്ലാകലക്ടര്‍ അറിയിച്ചു.

കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ‌അറിയിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. 

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ അംഗണവാടികൾ, കിന്റര്‍ഗാർട്ടനുകൾ, മദ്രസ്സകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ഹയർ സെക്കൻ്ററി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കോളേജുകൾക്കും പ്രഫഷണൽ കോളേജുകൾക്കും അവധി ബാധകമല്ല. 

അതേസമയം എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.



Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News