കോട്ടയം ജില്ലയിൽ അതീവ ജാഗ്രത; 33 പ്രദേശങ്ങളിൽ മണ്ണിടിച്ചില്‍ മുന്നറിയിപ്പ്

രണ്ട് ദിവസം ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്

Update: 2021-10-20 01:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോട്ടയം ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള 33 ഇടങ്ങളിൽ അതീവ ജാഗ്രത നിർദേശം നല്‍കി. രണ്ട് ദിവസം ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഈ മേഖലയിലുളളവർ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാൻ മത്സ്യബന്ധന വള്ളങ്ങളും ജില്ലയിൽ എത്തിച്ചിട്ടുണ്ട്.

ജിയോളജി വകുപ്പ് 2018ലും ദുരന്ത നിവാരണ അതോറിറ്റി 2019ലും നടത്തിയ പഠനത്തിൽ മണ്ണൊലിപ്പ് സാധ്യത കണ്ടെത്തിയ പ്രദേശങ്ങളിലാണ് ജില്ലാ കലക്ടര്‍ ജാഗ്രതാ നിർദേശം നല്‍കിയിരിക്കുന്നത്.കൂട്ടിക്കൽ, തലനാട്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, നെടുഭാഗം എന്നീ വില്ലേജുകളിലാണ് ഈ പ്രദേശങ്ങൾ. രണ്ട് ദിവസം മഴ ശക്തമായാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇവിടെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ആളുകളെ മാറ്റിപ്പാർക്കാൻ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

മലയോര മേഖയിലെ വിനോദ സഞ്ചാരം പൂർണ്ണമായും നിരോധിച്ചു. അനാവശ്യ യാത്രകൾക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസം എത്തിയ സൈന്യവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം തുറന്നു. രക്ഷാ പ്രവർത്തനത്തിനായി മൂന്ന് മത്സ്യബന്ധന വള്ളങ്ങളും 11 മത്സ്യ തൊഴിലാളികളെയും ജില്ലയിൽ എത്തിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News