സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലയോര മേഖലയിലും മണ്ണിടിച്ചില്‍- ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വടക്കൻ കേരളത്തിലും കനത്ത മഴ തുടരുകയാണ്. കാസർകോട് തേജസ്വിനി, മധു വാഹിനി, ചന്ദ്രഗിരി പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാസർകോടും വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസമായി വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കാസർകോട് ജില്ലയിലെ മിക്ക പുഴകളിലും വെള്ളം ഉയർന്നിട്ടുണ്ട്. ഇതോടെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിൽ ചെയ്തത് നേരത്തെ ലഭിച്ചിരുന്ന മഴയുടെ 162 ശതമാനത്തിൽ കൂടുതലാണ്. 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു്. രണ്ട് ക്യാമ്പുകളിലുമായി 18 കുടുംബങ്ങളിലെ 77 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി നൽകിയിട്ടുണ്ട്. എന്നാൽ കോളേജുകൾക്കും മുൻകൂട്ടി പ്രഖ്യാപിച്ച എസ്.എസ്.എൽ.സി സേ പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട്ടിലും കനത്ത മഴ തുടരുകയാണ്. 75 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ആഗസ്ത് 31 വരെ പാറ ഖനനത്തിനും മണ്ണെടുക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണമെന്നാണ് നിർദേശം. കോഴിക്കോട് ജില്ലയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ നാല് വീടുകൾ ഭാഗികമായി തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു .കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽ കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്‌നി മുബാറക്കിനായി ഇന്നും തെരച്ചിൽ തുടരും.