'മാസം 220 കോടി രൂപയിലേറെ വരുമാനം, എന്നിട്ടും കെ.എസ്.ആർ.ടി.സിക്ക് ഇത്രയും പ്രതിസന്ധിയോ?'; ശമ്പളം നൽകാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഇരുപതാം തീയതിക്കകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി
Update: 2023-07-13 16:05 GMT
കൊച്ചി: കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇരുപതാം തീയതിക്കകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജീവനക്കാർ മികച്ച രീതിയിലാണ് ജോലി ചെയ്യുന്നത്.
മാസം 220 കോടിയിലേറെ രൂപയുടെ വരുമാനവും കെഎസ്ആർടിസിക്കുണ്ട്. എന്നിട്ടും എങ്ങനെയാണ് കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
ശമ്പള വിതരണം കാര്യക്ഷമമാക്കാൻ നിരവധി നിർദ്ദേശങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. സർക്കാർ സഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ശമ്പളം കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.