പന്തിരിക്കരയിലെ ഇർഷാദിന്റെ തിരോധാനം; ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി തീർപ്പാക്കി
ഹേബിയസ് കോർപ്പസ് ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇർഷാദ് മരിച്ചതായി വിവരം ലഭിച്ചത്
കോഴിക്കോട്: പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തീർപ്പാക്കി. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇർഷാദ് മരിച്ചതായി വിവരം ലഭിച്ചത്. കേസിൽ അന്വോഷണം ഊർജ്ജിതമായി നടക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘം കൊലപ്പെടുത്തിയ ശേഷവും പണം ആവശ്യപ്പെട്ടെന്ന് ഇർഷാദിന്റെ സഹോദരൻ അർഷാദ് വെളിപ്പെടുത്തി. ഈ സമയത്ത് ഇർഷാദ് കൊല്ലപ്പെട്ടുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഇർഷാദിന്റെ കയ്യിലുള്ള സ്വർണ്ണം ആവശ്യപ്പെട്ട് ഒരു ദിവസം മുഴുവൻ തന്നെയും തടവിൽ വെച്ചെന്നും അർഷാദ് മീഡിയവണിനോട് പറഞ്ഞു.
അതേസമയം ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഘം ഇടനിലക്കാരനെയും തടവിലാക്കിയതായാണ് സൂചന. സ്വാലിഹിന് കൊല്ലപ്പെട്ട ഇർഷാദിനെ പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി ജസീലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇർഷാദ് നാട്ടിലെത്തിയ ശേഷം സ്വർണ്ണം കൈമാറാതിരുന്നതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടവിൽ വെയ്ക്കുകയായിരുന്നു. ജസീലിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ കൊടുവള്ളി സ്വദേശി സ്വാലിഹ് ,ഷംനാദ് എന്നിവർ വിദേശത്തായതിനാൽ അവരെ നാട്ടിലെത്തിക്കുന്നതിനായി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് നടപടി തുടങ്ങി. പൊലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. ഇൻറർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ശ്രമം .സ്വർണ്ണക്കടത്ത് സംഘാംഗങ്ങളായ താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ് എന്നിവരെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ അറസ്റ്റിലായ മുർഷിദിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ സമർപ്പിക്കും.