തെരുവുനായകളെ സംരക്ഷിക്കാന്‍ ലൈസന്‍സ് വേണം: ഹൈക്കോടതി

2023 ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമ പ്രകാരമാണ് കോടതി ഉത്തരവ്

Update: 2024-03-07 08:26 GMT
Advertising

തിരുവനന്തപുരം: തെരുവുനായകളെ  സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് അതിനുള്ള ലൈസന്‍സ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി ഉത്തരവിട്ടു. 2023 ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമ പ്രകാരമാണ് കോടതി ഉത്തരവ്. 

തെരുവുനായകൾക്ക്  വേണ്ട പരിഗണന നല്‍കണമെന്നും അവയെ സംരക്ഷിക്കാന്‍ വേണ്ട ലൈസന്‍സ് മൃഗ സ്‌നേഹികള്‍ എടുക്കണമെന്നും കോടതി പറഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ക്കും റോഡിലൂടെ നടക്കുന്നവര്‍ക്കും നേരെയുണ്ടാവുന്ന തെരുവുനായ ആക്രമണങ്ങളെ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 'തെരുവുനായകൾ കുട്ടികളെയും, യുവാക്കളെയും, പ്രായമായവരെയുമൊക്കെ ആക്രമിക്കുന്ന വാര്‍ത്തകളാണ് ദിവസവും പത്രങ്ങളില്‍ കാണുന്നത്'. അദ്ദേഹം പറഞ്ഞു.

'തെരുവുനായകൾക്കെതിരെ  എന്തെങ്കിലും നടപടി എടുക്കുകയാണെങ്കില്‍ നായപ്രേമികള്‍ അതിനെതിരെ രംഗത്ത് വരും. എന്നാല്‍ തെരുവുനായകളെക്കാള്‍ മനുഷ്യര്‍ക്ക് പരിഗണന നല്‍കണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം വ്യക്തമാക്കി. അതുപോലെ തെരുവുനായകള്‍ക്ക് നേരെ മനുഷ്യര്‍ നടത്തുന്ന ക്രൂരതകളും അനുവദിക്കുന്നതല്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരുവുനായകളെ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ നായപ്രേമികളോട് കോടതി ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ മുഴ്ത്താടം വാര്‍ഡില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം. രാജീവ് കൃഷ്ണന്‍ എന്നയാള്‍ പരിക്ക് പറ്റിയ തെരുവുനായയെ അയാളുടെ വീടിനകത്ത് പരിപാലിക്കുന്നുണ്ടെന്നും, അയാളുടെ വീട്ടിലുള്ള നായകൾ  കാരണം വൃത്തിഹീനമായ അന്തരീക്ഷമാണ് നാട്ടുക്കാര്‍ നേരിടുന്നതെന്നുമാണ് പരാതി.

പ്രശ്നപരിഹാരത്തിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കൃഷ്ണന്‍ പാലിക്കാത്തതായി അവര്‍ ആരോപിച്ചു.

'നായകൾക്ക്  വാക്‌സിനേഷന്‍ കൊടുക്കുകയും വന്ധ്യംകരണം നടത്തുകയും ചെയ്തിട്ടുണ്ട്. അളുകള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല'. കൃഷ്ണന്‍ പറഞ്ഞു. തന്റെ നായകൾ കാരണം ആര്‍ക്കും ഇതുവരെ ഉപദ്രവവം ഉണ്ടായിട്ടില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

നായകളെ വളര്‍ത്തുന്നതിന് കണ്ണൂര്‍ കോര്‍പറേഷനില്‍ നിന്നും ലൈസന്‍സ് വാങ്ങാന്‍ കൃഷ്ണനോട് കോടതി നിര്‍ദ്ദേശിച്ചു. കോര്‍പറേഷനും കോടതി ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കി.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News