സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈക്കോടതി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
കൊച്ചി: സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈക്കോടതി. സൈബർ പരാതി സംബന്ധിച്ച അന്വേഷണം എട്ട് മാസത്തിനകം പൂർത്തീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
നാഷണൽ സൈബർ ക്രൈം പോർട്ടലിൽ വരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നത്. ഇത് സംബന്ധിച്ച് നൂറോളം ഹരജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഹരജികൾ ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ഏതെങ്കിലും ഒരു ഇടപാട് നടന്നതുമായി ബന്ധപ്പെട്ടാവും പരാതി ഉയർന്നത്. ആ തുക മാത്രമേ മരവിപ്പിക്കാൻ പാടുള്ളൂ. നിശ്ചിത സമയത്തിനകം അന്വേഷണം പൂർത്തിയാക്കി ആ തുകയും വിട്ടുകൊടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.