എ.കെ.ജി സെന്റർ ആക്രമണം; പ്രതിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യഹരജി തള്ളിയിരുന്നു.
കൊച്ചി: എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം.
നേരത്തെ, തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യഹരജി തള്ളിയിരുന്നു. തുടർന്നാണ് ജിതിൻ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബഞ്ചാണ് വിധി പറയുക.
സെപ്തംബർ 29നാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
ആക്രമണത്തിന് പിന്നാലെ സുബീഷ് കുവൈത്തിലേക്ക് കടന്നിരുന്നു. ഇയാളാണ് ആക്രമണത്തിന് ഉപയോഗിച്ച വാഹനം കഴക്കൂട്ടത്ത് വരെ എത്തിച്ച് നൽകിയത്. ആക്രമണത്തിന്റ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാൻ വിദേശത്തേക്ക് കടന്നോ എന്ന് അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.
കേസിൽ ഒരാളെ കൂടി പ്രതി ചേർത്തിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈലിന്റെ ഡ്രൈവർ സുബീഷിനെയാണ് പ്രതി ചേർത്തത്. സുബീഷിന്റെ സ്‌കൂട്ടറിലെത്തിയാണ് ജിതിൻ ആക്രണം നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
പ്രതി കരുതിക്കൂട്ടിയുള്ള കൃത്യമാണ് ചെയ്തതെന്നും എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 30നാണ് എ.കെ.ജി സെന്ററിന് നേരെ ആക്രമണം ഉണ്ടായത്.