കീഴ്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ വന്നതെന്തിന്? അനുപമക്ക് വിമര്‍ശം
അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിക്കെതിരെ ഹൈക്കോടതി
അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിക്കെതിരെ ഹൈക്കോടതി. കീഴ്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ വന്നതെന്തിന് കോടതി ചോദിച്ചു. ഡി.എന്‍.എ ടെസ്റ്റ് നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ലെന്നും കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.ഹരജി പിന്‍വലിക്കണമെന്നും ഇല്ലെങ്കിൽ ഹരജി തള്ളുമെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് മാറ്റി.
അതേസമയം കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നൽകിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറ് പ്രതികളാണ് മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. അതിനിടെ ദത്ത് നടപടികൾ നിയമപരമായിരുന്നുവെന്ന് സി.ഡബ്ള്യൂ.സി പൊലീസിന് റിപ്പോർട്ട് നൽകി.