ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം: വർഗീയ പ്രചാരണവുമായി ഹിന്ദു ഐക്യവേദി
‘പ്രതികളുടെ മതം നോക്കി കേസെടുക്കുന്ന നാടാണോ കേരളം?’
കോഴിക്കോട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ വർഗീയ പ്രചാരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു. പ്രതികളുടെ മതം നോക്കി കേസെടുക്കുന്ന നാടാണോ കേരളമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
‘വിനോദയാത്ര വന്ന മുസ്ലിം യുവാക്കൾ വയനാടുകാരനായ ആദിവാസി ഹിന്ദു യുവാവിനെ കാറിൽ കെട്ടിവലിച്ചു നടുറോട്ടിലൂടെ വലിച്ചിഴച്ചു. യുവാവിന്റെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.
KL 52 H 8733 മാരുതി സെലറിയോ വാഹനം ഓടിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറം പുല്ലംപ്പാടം വീട്ടിൽ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പട്ടാപ്പകൽ ഈ ക്രൂരത നടത്തിയത് എന്ന് പറയപ്പെടുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്നു യുവാക്കൾ. പോലീസ് കേസൊതുക്കി തീർക്കാനാണ് ശ്രമിച്ചതത്രെ! പ്രതികളുടെ മതം നോക്കി കേസെടുക്കുന്ന നാടാണോ കേരളം?’ -എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ, പോസ്റ്റിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ആദിവാസി യുവാവിനെ കാറിൽ കെട്ടിവലിച്ച കേസിൽ രണ്ടുപേർ പിടിയിലായിരുന്നു. കണിയാമ്പറ്റ സ്വദേശികളായ ഹർഷിദ് , അഭിരാം എന്നിവരാണ് പിടിയിലായത്. മറ്റു രണ്ടു പ്രതികളായ പനമരം സ്വദേശി നബീൽ, വിഷ്ണു എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്ന പയ്യമ്പള്ളി സ്വദേശി മാതനാണ് ക്രൂരമായ ആക്രമണത്തിനിരയായത്.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരത. കാറിൻ്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് യുവാവിനെ മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു.
ആക്രമികൾ സഞ്ചരിച്ച KL 52 H 8733 എന്ന കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതികൾക്കായി ഊർജിത തിരച്ചിലിലായിരുന്നു പൊലീസ്.
ഇരു സംഘം വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതൻ തടഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.