‘വീട്ടിലെ പ്രസവത്തിന് ഇസ്‌ലാമുമായോ അക്യുപങ്ചറുമായോ ഒരു ബന്ധവുമില്ല, ഗജഫ്രോഡുകളുടെ ഇരകൾ മാത്രമാണ് ജീവിച്ചിരിക്കുന്ന ആ ഉമ്മയും കുഞ്ഞും’ ; ചർച്ചയായി ഡോക്ടറുടെ കുറിപ്പ്
സർക്കാർ കണക്കുകൾ പ്രകാരം ഈ പ്രസവ സാഹസത്തിന് മുതിർന്ന് ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മരണമടഞ്ഞത് 18 കുട്ടികളും രണ്ട് ഉമ്മമാരുമാണ്. തട്ടിപ്പുകാരുണ്ടാക്കുന്ന ഓരോ അപകടങ്ങൾക്കും ഉത്തരവാദി നിഷ്ക്രിയമായ ഔദ്യോഗിക ആരോഗ്യ സംവിധാനങ്ങൾ മാത്രമാണെന്നും എത്തിക്കൽ മെഡിക്കൽ ഫോറം പ്രസിഡന്റും ഡോക്ടറുമായ കെ.മുഹമ്മദ് ഇസ്മാഈൽ പറയുന്നു


കോഴിക്കോട്: വീട്ടിലെ പ്രസവമെന്ന അതിസാഹസത്തിന് ഇസ്‌ലാമുമായോ അക്യുപങ്ചറുമായോ ഒരു ബന്ധവുമില്ലെന്നും മലബാറിലെ രണ്ട് തട്ടിപ്പുകാരുടെ ഇരകൾ മാത്രമാണ് ജീവിച്ചിരിക്കുന്ന ഈ ഉമ്മയും, കുഞ്ഞുമെന്ന് എത്തിക്കൽ മെഡിക്കൽ ഫോറം പ്രസിഡന്റും ഡോക്ടറുമായ കെ.മുഹമ്മദ് ഇസ്മാഈൽ. കഴിഞ്ഞ ദിവസം കോഴിക്കോട് വീട്ടിൽ പ്രസവമെടുത്തതിനെ പറ്റി വാർത്ത പുറത്തു വന്ന പശ്ചാത്തലത്തിൽ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് അക്യുപങ്ചറിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളെ തുറന്നുകാട്ടുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം ഈ പ്രസവസാഹസത്തിലൂടെ അഞ്ച് വർഷത്തിനുള്ളിൽ മരണമടഞ്ഞത് 18 കുട്ടികളും രണ്ട് ഉമ്മമാരുമാണ്. ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട അക്യുപങ്ചറുമായി ഈ ആളുകൾ ആ പേര് സ്വയം അങ്ങ് ഏറ്റെടുത്തു എന്നതല്ലാതെ ഒരു ബന്ധവുമില്ല. യഥാർത്ഥ അക്യുപങ്ചറുകാർ ഒരിക്കലും അവരുടെ സ്ഥാപനങ്ങളിലോ, വീടുകളിലോ ഒരിക്കലും പ്രസവമെടുക്കുകയില്ലെന്നും പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങി എല്ലാ രോഗങ്ങൾക്കും മോഡേൺ മെഡിസിനടക്കം മറ്റു ചികിത്സാ ശാഖകളുടെ മരുന്നുകൾ നിർത്തിക്കുകയോ, ടെസ്റ്റുകൾ മുടക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരത്ത് വീട്ടിൽ പ്രസവത്തിന് ശ്രമിച്ച് മരണമടഞ്ഞ ഉമ്മയും കുഞ്ഞും ഇത്തരത്തിൽ ചതിയിൽ പെട്ടവരാണ്. കേരളത്തിലെ ഇവരുടെ തല തൊട്ടപ്പൻ മലപ്പുറം ജില്ലയിൽ തിരൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശുഐബ് രിയാലു എന്ന വ്യക്തിയാണ്. തമിഴ്‌നാട്ടിലെ ഏതോ ഒരു തട്ടിക്കൂട്ട് സ്ഥാപനത്തിൽ നിന്ന് വെറും ആറ് മാസം കൊണ്ട് സമ്പാദിച്ച HOMEO HERBAL ACCUPUNCTARIST എന്ന അതീവ വിചിത്രമായ കോഴ്സിന്റെ സർട്ടിഫിക്കറ്റ് കൈയ്യിൽ വെച്ചാണ് ആയിരക്കണക്കിന് 'അക്യുപങ്ചർ' ചികിത്സകരെ ഇയാൾ പ്രതിവർഷം ഉത്പാദിപ്പിച്ചു വിടുന്നതെന്നും ഇസ്മാഈൽ ആരോപിക്കുന്നു.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവർക്ക് പോലും 50,000 രൂപയുടെ ഫീസ് വാങ്ങി 'ഓൺലൈൻ' കോഴ്സിലൂടെ ആറ് മാസം മുതൽ ഒരു വർഷം കൊണ്ട് ഡോക്ടറാക്കി കൊടുക്കുകയാണ് ഇയാൾ ചെയ്യുന്നത്. അങ്ങനെ അക്യുപങ്ചർ പഠിച്ചുവെന്ന് വിശ്വസിപ്പിച്ചരാണ് കോഴിക്കോട്ടെ വീട്ടിലെ പ്രസവത്തിലെ നായികാ നായകന്മാരും. പേരിനൊരു BHARATH SEVAK SAMAJൻറെ (BSS) സർട്ടിഫിക്കറ്റും നൽകും. BSSന്റെ ഒരു സർട്ടിഫിക്കറ്റ് മൂപ്പർ സ്വയവും കൂട്ടത്തിൽ എഴുതി എടുത്തിട്ടുണ്ട്. സാക്ഷാൽ BSSന്റെ ആസ്ഥാനത്ത് വിളിച്ചു ചോദിച്ചപ്പോൾ ഈ സർട്ടിഫിക്കറ്റ് വഹിക്കുന്നവർ ഒരിക്കലും സ്വതന്ത്രമായി അക്യുപങ്ചർ പ്രാക്ടീസ് ചെയ്യരുതെന്നും ഏതെങ്കിലും അംഗീകൃത വൈദ്യബിരുദമുള്ളവരുടെ കീഴിൽ സഹായിയായി നിൽക്കാൻ മാത്രമേ ഈ സർട്ടിഫിക്കറ്റ് ഹോൾഡ് ചെയ്യുന്നവർക്ക് അനുവാദമുള്ളൂവെന്നുമാണ്. ഇതിന് വിരുദ്ധമായി മലബാറിന്റെ മുക്കുമൂലകളിൽ മുഴുവൻ ഈ അക്യു സ്വതന്ത്ര ചികിത്സകരുടെ ബോർഡുകൾ കാണാമെന്നും പോസ്റ്റിൽ പറയുന്നു.
നിസ്സാരമായ കാലിലെ varicose vein വന്ന 36 വയസുള്ള എറണാകുളത്തുകാരനായ യുവാവ് 'ചികിത്സിച്ച്' മരണമടഞ്ഞപ്പോൾ ആശുപത്രിയിൽ ഇപ്പറഞ്ഞ ആളുകൾ പെട്ടെന്ന് സംഘടിച്ചെത്തി.ഒരിക്കലും ഇവർക്കെതിരെ പരാതിപ്പെടരുതെന്നും, അഥവാ പരാതിപ്പെട്ടാൽ പോസ്റ്റ്മോർട്ടമടക്കമുള്ള പൊല്ലാപ്പുകൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് കുടുംബത്തെ ഒതുക്കിയെന്നും ഡോക്ടർ ആരോപിക്കുന്നു.
നിസ്സാര സ്കിൽ സർടിഫിക്കറ്റായ BSS സർടിഫിക്കറ്റിന്റെ ബലത്തിൽ വീട്ടിലെ പ്രസവവും മറ്റു ആരോഗ്യ പരീക്ഷണങ്ങളും നടത്തി ഇവന്മാർ ഉണ്ടാക്കി കൊണ്ടേയിരിക്കുന്ന ഓരോ അപകടങ്ങൾക്കും ഉത്തരവാദി നിഷ്ക്രിയമായ ഔദ്യോഗിക ആരോഗ്യ സംവിധാനങ്ങൾ മാത്രമാണെന്നും ഡോക്ടർ ഇസ്മാഈൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വീട്ടിലെ പ്രസവമെന്ന അതിസാഹസത്തിന് ഇസ്‌ലാമുമായോ അക്യുപഞ്ചറുമായോ ഈ പ്രസവത്തിന് ഒരു ബന്ധവുമില്ല. മലബാറിലെ ഒന്ന് രണ്ട് ഗജ ഫ്രോഡുകളുടെ ഇരകൾ മാത്രമാണ് ജീവിച്ചിരിക്കുന്ന ഈ ഉമ്മയും, കുഞ്ഞും. സർക്കാർ കണക്കുകൾ പ്രകാരം ഈ പ്രസവ സാഹസത്തിന് മുതിർന്ന് ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മരണമടഞ്ഞ 18 കുട്ടികളും രണ്ട് ഉമ്മമാരും ഇതേ ഫ്രോഡുകളുടെ ഇരകളാണ്. ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട അക്യുപഞ്ചറുമായി ഈ ആളുകൾ ആ പേര് സ്വയം അങ്ങ് ഏറ്റെടുത്തു എന്നതല്ലാതെ ഒരു ബന്ധവുമില്ല. യഥാർത്ഥ അക്യുപഞ്ചറുകാർ ഒരിക്കലും അവരുടെ സ്ഥാപനങ്ങളിലോ, വീടുകളിലോ ഒരിക്കലും പ്രസവമെടുക്കുകയില്ല.
യഥാർത്ഥ അക്യുപഞ്ചറുകാർ ഇവർ ചെയ്യുന്നത് പോലെ പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങി എല്ലാ രോഗങ്ങൾക്കും മോഡേൺ മെഡിസിനടക്കം മറ്റു ചികിത്സാ ശാഖകളുടെ മരുന്നുകൾ നിർത്തിക്കുകയോ, ടെസ്റ്റുകൾ മുടക്കുകയോ ചെയ്യാറില്ല. (സംശയമുള്ളവർ യഥാർത്ഥ അക്യുപഞ്ചറിൽ ബിരുദവും ബിരുദാനന്ത ബിരുദവുമുള്ള കോഴിക്കോട്ടെ Dr. അബ്ദുൽ ഗഫൂറിനെ വിളിച്ചു നോക്കുക- 93873 31965) തിരുവനന്തപുരത്ത് വീട്ടിൽ പ്രസവത്തിന് ശ്രമിച്ച് മരണമടഞ്ഞ ഉമ്മയും കുഞ്ഞും ഇയാളുടെ ചതിയിൽ പെട്ടവരാണ്. ഈ ഒന്ന് രണ്ട് ഫ്രോഡുകളുടെയും അവർ ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കുന്ന ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുടെയും modus operandi കൃത്യമായി മനസ്സിലാക്കിയാലേ ഈ വിപത്തിന് അന്ത്യം കുറിക്കാൻ കഴിയുകയുള്ളൂ.
കേരളത്തിലെ ഇവരുടെ തല തൊട്ടപ്പൻ മലപ്പുറം ജില്ലയിൽ തിരൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശുഐബ് രിയാലു എന്ന വ്യക്തിയാണ്. തമിഴ്‌നാട്ടിലെ ഏതോ ഒരു തട്ടിക്കുട്ട് സ്ഥാപനത്തിൽ നിന്ന് വെറും ആറ് മാസം കൊണ്ട് സമ്പാദിച്ച HOMEO HERBAL ACCUPUNCTARIST എന്ന അതീവ വിചിത്രമായ കോഴ്സിന്റെ സർട്ടിഫിക്കറ്റ് കൈയ്യിൽ വെച്ചാണ് ആയിരക്കണക്കിന് 'അക്യുപഞ്ചർ' ചികിത്സകരെ ഇയാൾ പ്രതിവർഷം ഉത്പാദിപ്പിച്ചു വിടുന്നത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവർക്ക് പോലും 50,000 രൂപക്ക് മുകളിൽ ഫീസ് കൊടുക്കാൻ തയ്യാറായാൽ 'ഓൺലൈൻ' കോഴ്സിലൂടെ ആറ് മാസം മുതൽ ഒരു വർഷം കൊണ്ട് ഇയാൾ ഡോക്ടറാക്കി കൊടുക്കും. ഇങ്ങനെ ഇറങ്ങിയ ആയിരക്കണക്കിന് അക്യു ചികിത്സകരിൽ നിന്ന് ഇയാൾ എത്ര മാത്രം സമ്പാദിച്ചിരിക്കും?
ആറ് മാസം അക്യു വിദ്യാഭ്യാസം മാത്രമുള്ള ഈ ഉസ്താദാണ് ഒരു വർഷ കോഴ്സ് 'പൂർത്തിയാക്കിയ' പുതു ചികിത്സകരുടെ സർടിഫിക്കറ്റ് ഒപ്പിട്ടു കൊടുക്കുന്നതെന്ന കൗതുകവും ഇവിടെ കാണാം.അങ്ങനെ ഇയാൾ അക്യുപഞ്ചർ പഠിപ്പിച്ചുവെന്ന് വിശ്വസിപ്പിച്ച മണ്ടൻമാരാണ് കോഴിക്കോട്ടെ വീട്ടിലെ പ്രസവത്തിലെ നായികാ നായകന്മാരും. പേരിനൊരു BHARATH SEVAK SAMAJൻറെ (BSS) സർട്ടിഫിക്കറ്റും നൽകും. BSSന്റെ ഒരു സർട്ടിഫിക്കറ്റ് മൂപ്പർ സ്വയവും കൂട്ടത്തിൽ എഴുതി എടുത്തിട്ടുണ്ട്.
സാക്ഷാൽ BSSന്റെ ആസ്ഥാനത്ത് വിളിച്ചു ചോദിച്ചപ്പോൾ ഈ സർട്ടിഫിക്കറ്റ് വഹിക്കുന്നവർ ഒരിക്കലും സ്വതന്ത്രമായി അക്യുപഞ്ചർ പ്രാക്ടീസ് ചെയ്യരുതെന്നും ഏതെങ്കിലും അംഗീകൃത വൈദ്യബിരുദമുള്ളവരുടെ കീഴിൽ സഹായിയായി നിൽക്കാൻ മാത്രമേ ഈ സർട്ടിഫിക്കറ്റ് ഹോൾഡ് ചെയ്യുന്നവർക്ക് അനുവാദമുള്ളൂവെന്നുമാണ്. ഇതിന് വിരുദ്ധമായി മലബാറിന്റെ മുക്കുമൂലകളിൽ മുഴുവൻ ഈ അക്യു സ്വതന്ത്ര ചികിത്സകരുടെ ബോർഡുകൾ കാണാം.ഇങ്ങനെ അംഗീകാരമില്ലാത്ത ശിഷ്യഗണങ്ങൾ ഒപ്പിച്ചു കൂട്ടുന്ന അബദ്ധങ്ങൾ 'കവർ' ചെയ്യുന്നതിലും ഗുരുവും ശിഷ്യന്മാരും ഒറ്റക്കെട്ടാണ്. നിസ്സാരമായ കാലിലെ varicose vein വന്ന 36 വയസുള്ള എറണാകുളത്തുകാരനായ യുവാവ് 'ചികിത്സിച്ച്' മരണമടഞ്ഞപ്പോൾ ആശുപത്രിയിൽ ഇപ്പറഞ്ഞ ആളുകൾ പെട്ടെന്ന് സംഘടിച്ചെത്തി.ഒരിക്കലും ഇവർക്കെതിരെ പരാതിപ്പെടരുതെന്നും, അഥവാ പരാതിപ്പെട്ടാൽ പോസ്റ്റ്മോർട്ടമടക്കമുള്ള പൊല്ലാപ്പുകൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് കുടുംബത്തെ ഒതുക്കി.
യഥാർത്ഥ അക്യുപഞ്ചറിൽ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള നൂറിലധികം പോയൻറുകളിൽ ചികിത്സാർത്ഥം Needleകൾ പ്രയോഗിക്കുമ്പോൾ വിരൽതുമ്പിൽ മാത്രം സൂചി പ്രയോഗം നടത്തുകയെന്ന 'സുരക്ഷിത' സൂത്രവും ഇവന്മാർ കണ്ടെത്തിയിട്ടുണ്ട്.'ഒരൊറ്റ പോയിൻറിൽ സൂചി പ്രയോഗിക്കുന്നതിലൂടെ ഒരായിരം രോഗങ്ങൾക്ക് പരിഹാരം' എന്നതാണിവരുടെ മുദ്രാവാക്യം.തട്ടിക്കൂട്ട് കോഴ്സാണെങ്കിലും അതി ഗംഭീരയാണ് ഇവരുടെ ബിരുദദാന സമ്മേളനങ്ങൾ.
സാധാരണ കോഴ്സുകളിൽ അക്കാദമിക മേഖലയിലുള്ളവർ മുഖ്യാതിഥികളാകുന്നിടത്ത് രാഷ്ട്രീയക്കാരാണ് ഇവരുടെ convocationലെ മുഖ്യാതിഥിയായി വരാരുള്ളത്.
ഇതിന്റെ നന്ദി രാഷ്ട്രീയക്കാർ തിരിച്ചും കാണിക്കാറുണ്ട്. ഈയിടെ തിരൂരിലെ പ്രധാന ഉസ്താദിനെതിരെയുള്ള അന്വേഷണം ഒതുക്കി തീർത്തത് സ്ഥലം MLAയാണെന്ന ആരോപണം നിലവിലുണ്ട്.
മോഡേൺ മെഡിസിനും, ആയുർവേദത്തിനും, ഹോമിയോക്കുമെല്ലാം മെഡിക്കൽ കൗൺസിലുകളുള്ളതിനാൽ ആർക്കൊക്കെ ഇവ പ്രാക്ടീസ് ചെയ്യാമെന്ന് കേരളത്തിൽ കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. അക്യുപഞ്ചറിന് ഇതുവരെ കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും മെഡിക്കൽ കൗൺസിലുകളില്ലാത്തതിനാൽ ഒറിജിനലിനെയും വ്യാജനെയും വേർതിരിക്കാൻ ഒരു വഴിയുമില്ല. ഈ പഴുതിലൂടെയാണ് ഇവർ നാട്ടിൽ നില നിന്ന് പോകുന്നത്. ചുരുക്കി പറഞ്ഞാൽ പന്ത് ആരോഗ്യ വകുപ്പിന്റെ കോർട്ടിലാണ്. നിസ്സാര സ്കിൽ സർടിഫിക്കറ്റായ BSS സർടിഫിക്കറ്റിന്റെ ബലത്തിൽ വീട്ടിലെ പ്രസവവും മറ്റു ആരോഗ്യ പരീക്ഷണങ്ങളും നടത്തി ഇവന്മാർ ഉണ്ടാക്കി കൊണ്ടേയിരിക്കുന്ന ഓരോ അപകടങ്ങൾക്കും ഉത്തരവാദി നിഷ്ക്രിയമായ ഔദ്യോഗിക ആരോഗ്യ സംവിധാനങ്ങൾ മാത്രമാണ്. വെറും ഒന്ന് രണ്ട് വ്യക്തികളെ പൂട്ടേണ്ട വിധം പൂട്ടിയാൽ എന്നന്നേക്കുമായി തീരുമാനമായിരുന്ന ഈ പൊല്ലാപ്പ് എന്ത് കൊണ്ട് വലിച്ച് നീട്ടി കൊണ്ടു പോകുന്നുവെന്നതിന് മറുപടി പറയേണ്ടത് സർക്കാറാണ്.