ഇടുക്കിയിൽ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. വെട്ടിയാങ്കല്‍ തോമസാണ് പിടിയിലായത്. കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഗ്യാസ് സിലണ്ടറില്‍ നിന്ന് തീ പടര്‍ന്നുണ്ടായ അപകടമെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക നിഗമനം. വീടിൻ്റെ പല ഭാഗങ്ങളിലും രക്തക്കറ കണ്ടതോടെ കൊലപാതമാണെന്ന് പോലീസ് ഉറപ്പിച്ചു.തുടരന്വേഷണത്തിൽ ചിന്നമ്മയുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായും പോലീസ് കണ്ടെത്തി. കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അയൽവാസി കൂടിയായ പ്രതി പിടിയിലാകുന്നത്.മോഷണ ശ്രമം തടഞ്ഞ ചിന്നമ്മയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് കത്തിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
കൊലപാതകത്തിന് ശേഷം പണയം വച്ച സ്വർണ്ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒരു തെളിവും ലഭിക്കാതിരുന്ന കേസില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.