എച്ച്.ആർ.ഡി.എസ് അട്ടപ്പാടിയിലെ വീട് നിർമ്മാണം നിർത്തിവച്ചു; സ്വപ്‌ന ഉപദേശക സമിതിയിൽനിന്ന് പിന്മാറി

മുൻകൂർ അനുമതിയില്ലാതെ 192 വീടുകളാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിൽ സംഘ്പരിവാർ അനുകൂല എൻ.ജി.ഒ ആയ എച്ച്.ആർ.ഡി.എസ് നിർമിച്ചത്

Update: 2022-10-20 01:43 GMT
Editor : Shaheer | By : Web Desk
Advertising

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ വീട് നിർമാണം എച്ച്.ആർ.ഡി.എസ് താൽക്കാലികമായി നിർത്തിവച്ചു. നിർമാണം നിർത്തിവയ്ക്കണമെന്ന ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ പാലക്കാട് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. സ്വർണ കള്ളക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നൽകിയതിനെ തുടർന്നു വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആർ.ഡി.എസ്. സ്വപ്‌ന സംഘത്തിന്റെ ഉപദേശക സമിതിയിൽനിന്ന് പിന്മാറിയതായി എച്ച്.ആർ.ഡി.എസ് ഭാരവാഹികൾ അറിയിച്ചു.

പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ച് ആദിവാസി ഭൂമിയിൽ എച്ച്.ആർ.ഡി.എസിന്റെ വീട് നിർമാണം നിർത്തിവയ്ക്കണമെന്ന് ഒറ്റപ്പാലം സബ് കലക്ടർ ഉത്തരവിറക്കിയിരുന്നു. വീട് നിർമ്മാണം നിർത്തിവച്ച അറിയിപ്പ് ലഭിക്കാത്തതിനാൽ വീണ്ടും ഒറ്റപ്പാലം സബ് കലക്ടർ നോട്ടീസ് അയച്ചതോടെയാണ് എച്ച്.ആർ.ഡി.എസ് അധികൃതർ അപേക്ഷയുമായി കലക്ടറേറ്റിലെത്തിയത്. വീട് നിർമാണം നിർത്തിവച്ച ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജീകൃഷ്ണൻ അറിയിച്ചു.

മുൻകൂർ അനുമതിയില്ലാതെ 192 വീടുകളാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിൽ എച്ച്.ആർ.ഡി.എസ് നിർമിച്ചത്. ഇവരുടെ പാലക്കാട്, തൊഴുപുഴ, കണ്ണൂർ ഓഫിസുകളിലടക്കം വിജിലൻസ് ഉൾപ്പെടെയുള്ള വിവിധ അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ റെയ്ഡ് നടന്നിരുന്നു. പരിശോധനകളുടെ അടിസ്ഥാനത്തിലാണ് എച്ച്.ആർ.ഡി.എസ് നിർമിക്കുന്ന വീടുകൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.

പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസവ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ലെന്ന് അട്ടപ്പാടി നോഡൽ ഓഫിസർ കൂടിയായ സബ് കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വീടുകൾ സുരക്ഷിതമാണെന്നാണ് എൻ.ജി.ഒ വാദം.

സംഘ്പരിവാർ അനുകൂല എൻ.ജി.ഒ ആണ് എച്ച്.ആർ.ഡി.എസ്. എന്നാൽ, സ്വർണ കള്ളക്കടത്തു വിവാദങ്ങൾക്കു പിന്നാലെ എൻ.ജി.ഒയുമായി സംഘപരിവാർ സംഘടനകൾക്ക് ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംഘ്പരിവാർ പ്രവർത്തകരാണ് എച്ച്.ആർ.ഡി.എസിന്റെ പ്രധാന നടത്തിപ്പുകാരെന്ന് എൻ.ജി.ഒ സെക്രട്ടറി അജീ കൃഷ്ണൻ അറിയിച്ചത്.

Summary: HRDS halts tribal house construction in Attappadi amidst Swapna Suresh has withdrawn from the advisory board of the NGO

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News