'തന്റെ പരാമർശം പിണറായിയെ ഉദ്ദേശിച്ച്, ജിഫ്രി തങ്ങളെ അപമാനിച്ചിട്ടില്ല': പി.എം.എ സലാം
ജിഫ്രി തങ്ങളെ വലിച്ചിഴക്കുന്നത് അദ്ദേഹത്തിന്റെ ശത്രുക്കളാണെന്നും പി.എം.എ സലാം
കുവൈത്ത്സിറ്റി: സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാദ പരാമർശം താൻ പിണറായി വിജയനെ ഉദ്ദേശിച്ചാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
'' സരിൻ കോൺഗ്രസ് വിട്ടപ്പോൾ പിണറായിയാണ് തലയിൽ കൈവച്ച് അനുഗ്രഹിച്ചത്. അതിലേക്ക് ജിഫ്രി തങ്ങളെ വലിച്ചിഴക്കുന്നത് അദ്ദേഹത്തിന്റെ ശത്രുക്കളാണ്. നേരത്തെയും ഈ രീതിയിലാണ് വിവാദങ്ങൾ നടത്തിയിരുന്നത്. എന്ത് പറഞ്ഞാലും ജിഫ്രി തങ്ങളെ അപമാനിച്ചു എന്ന് വരുത്തിത്തീർക്കുകയാണ്''-പി.എം.എ സലാം പറഞ്ഞു.
കുവൈത്തിലെത്തിയ പി.എം.എ സലാം മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഈ വിശദീകരണം നൽകിയത്. കെ.എം.സി.സി സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കുവൈത്തിൽ എത്തിയത്.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ അനുഗ്രഹിച്ചയാൾ പാലക്കാട്ട് വിജയിച്ചുവെന്നും മറ്റൊരാൾ തലയിൽ കൈവെച്ച് അനുഗ്രഹിച്ച ഇടതു സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയെന്നുമായിരുന്നു പി.എം.എ സലാം പറഞ്ഞിരുന്നത്. മുസ്‌ലിം ലീഗ് നേതാക്കളായ മുനവ്വറലി തങ്ങൾക്കും കെ.എം ഷാജിക്കുമൊപ്പം കുവൈത്തിൽ നടന്ന യുഡിഎഫ് വിജയാഹ്ലാദ ചടങ്ങിലായിരുന്നു പി.എം.എ സലാമിന്റെ പരാമര്‍ശങ്ങള്‍.
ഏത് രീതിയിലുള്ള വർഗീയ പ്രചാരണം നടത്തിയാലും കേരളീയ സമൂഹം അത് അംഗീകരിക്കില്ല എന്നതിന്റെ ഉദാഹരണമാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം. പാലക്കാട്ടെ മുസ്‌ലിം ന്യൂനപക്ഷം അക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തി. ആ മുസ്‌ലിം സമുദായത്തിന് നേതൃത്വം നൽകുന്നത് മുസ്‌ലിം ലീഗാണെന്ന് വ്യക്തമായതായും പി.എം.എ സലാം വ്യക്തമാക്കിയിരുന്നു.
Watch Exclusive Video