ഭൂവിഷയങ്ങളിൽ സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടുക്കി രൂപത
വാഗ്ദാനങ്ങളുടെ റൊട്ടി കഷണങ്ങൾ നൽകി ജനപ്രതിനിധികൾ മലയോര ജനതയെ കബളിപ്പിക്കുകയാണെന്നും രാഷ്ട്രീയ നേതൃത്വം നടത്തുന്ന സമരങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും മുഖപത്രത്തിൽ പറയുന്നു
ഇടുക്കി: ഭൂവിഷയങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇടുക്കി രൂപത. രൂപതയുടെ മുഖപത്രമായ ഇടയനിലാണ് നിർമ്മാണ നിരോധനമടക്കുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
വാഗ്ദാനങ്ങളുടെ റൊട്ടി കഷണങ്ങൾ നൽകി ജനപ്രതിനിധികൾ മലയോര ജനതയെ കബളിപ്പിക്കുകയാണെന്നും രാഷ്ട്രീയ നേതൃത്വം നടത്തുന്ന സമരങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും മുഖപത്രത്തിൽ പറയുന്നു. നിർമാണ നിരോധനത്തിന്‍റെ പേരിലുള്ള നടപടികൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി ജില്ല കലക്ടർക്ക് നിർദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയെ ധിക്കരിക്കുന്ന ഉദ്യോഗസ്ഥരാണ് ജില്ലയിൽ ഉള്ളതെന്ന് വിശ്വസിക്കാനാകില്ല.എല്ലാം ജനപ്രതിനിധികളുടെ അറിവോടെയാണെന്നും റിസോർട്ട് ഉടമകളിൽ നിന്ന് പണം സമാഹരിക്കാനുള്ള ആയുധമാക്കി നിർമാണ നിരോധന നിയമത്തെ മാറ്റിയെന്നും ഇടുക്കി രൂപത കുറ്റപ്പെടുത്തുന്നു.
ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് പകരം ജില്ലയിൽ സമാന്തര വനവത്കരണം നടപ്പാക്കുകയാണെന്നും വിമർശനമുണ്ട്. ജില്ലാ രൂപീകരണത്തിന്‍റെ സുവർണ ജൂബിലി വർഷത്തിലെത്തിയിട്ടും കർഷകരുടെ പ്രശ്നങ്ങൾ തീരുന്നില്ലെന്നും മനുഷ്യത്വ രഹിതമായ നിയമങ്ങൾ നടപ്പാക്കിയാൽ കർഷകർ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പും നൽകിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.