'പ്രതികളെ പുറത്താക്കിയാൽ പാർട്ടിയിൽ പിന്നെ ആരാണ് ഉണ്ടാവുക'; വിവാദപരാമർശവുമായി എം.വി ബാലകൃഷ്ണൻ
'പാർട്ടിയെ കേസിലേക്ക് കൊത്തി വലിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിരാമൻ അടക്കമുള്ളവരെ പ്രതികളാക്കിയത്'
കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിൽ വിവാദപരാമർശവുമായി എം.വി ബാലകൃഷ്ണൻ. പ്രതിയാണെന്ന ഒറ്റ കാരണം കൊണ്ട് പാർട്ടിയിൽ നിന്ന് ആരെയും പുറത്താക്കാൻ ആവില്ല. പിന്നെ പാർട്ടിയിൽ ആരാണ് ഉണ്ടാവുക എന്നും എം.വി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പെരിയ ഇരട്ടകൊലപാതക കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
"ഇത് അന്തിമ വിധി അല്ല. ഞങ്ങളൊക്കെ ഇതിന് വിധിക്കപ്പെട്ടവരാണ്. ഏത് സമയത്തും കേസിൽ പ്രതികളാവാം. പ്രതിയായി എന്ന ഒറ്റക്കാരണം പറഞ്ഞ് ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ പിന്നെ പാർട്ടിയിൽ ആരാണുണ്ടാവുക," പാർട്ടിയെ കേസിലേക്ക് കൊത്തി വലിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിരാമൻ അടക്കമുള്ളവരെ പ്രതികളാക്കിയതെന്നും ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
നേരത്തെ കേസ് അന്വേഷിച്ച സിബിഐക്കെതിരെ സിപിഎം രംഗത്ത് വന്നിരുന്നു. കേസിൽ സിപിഎം ഗൂഢാലോചന നടത്തിയെന്ന വാദം പൊളിഞ്ഞുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്.