''കെ-റെയിലിനെതിരെയുള്ള പ്രതിഷേധം തീവ്രവാദമാണെങ്കിൽ ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്'': തിരുന്നാവായയിലെ സമരക്കാർ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഇന്നും തിരുന്നാവായയിൽ ഉണ്ടായത്
കെ-റെയിൽ വിരുദ്ധ സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ തിരുന്നാവായയിലെ പ്രതിഷേധക്കാർ. കെ-റെയിലിനെതിരെയുള്ള പ്രതിഷേധം തീവ്രവാദമാണെങ്കിൽ ആ തീവ്രവാദം തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സമരക്കാർ പറഞ്ഞു. കെ-റെയിലിനെതിരെ കനത്ത പ്രതിഷേധമാണ് മലപ്പുറം തിരുന്നാവായയിൽ അരങ്ങേറിയത്.
തിരുന്നാവായയിൽ പ്രതിഷേധത്തെ തുടർന്ന് കെ റെയിൽ ഉദ്യോഗസ്ഥർ പ്രദേശത്തെത്തിയിരുന്നില്ല. ജില്ലയിൽ കല്ലിടൽ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഇന്നും തിരുന്നാവായയിൽ ഉണ്ടായത്. സൗത് പല്ലാറിലാണ് ഇനി കെ-റെയിൽ കല്ല് സ്ഥാപിക്കാനുള്ളത്. ഉദ്യോഗസ്ഥരെത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ സംഘടിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.
അതേസമയം കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനിൽകാന്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപിയുടെ നിർദ്ദേശം. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം.
സിൽവർലൈൻ പദ്ധതിക്ക് എതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വീണ്ടും വ്യക്തമാക്കി. സിൽവർലൈൻ കല്ലുകൾ പിഴുതെറിഞ്ഞ് ജയിലിൽ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലിൽ പോകാൻ യുഡിഎഫ് നേതാക്കൾ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സതീശൻ പറഞ്ഞു. കെ -റെയിൽ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങനാശേരി സമരകേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.