കേരളത്തില്‍ നിയമവാഴ്ചയുണ്ടെങ്കില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കണം: പ്രൊഫ വത്സന്‍ തമ്പു

ഭീകരമായ സാധ്യതയുള്ള ഒരു പ്രസ്താവന വീട്ടിലെ പ്രശ്‌നമാണെന്ന് പറഞ്ഞാല്‍ സാമാന്യബോധമുള്ള ആരും അംഗീകരിക്കില്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ നല്ല ബോധമുള്ളവരാണ്. അതുകൊണ്ട് അവര്‍ ബിഷപ്പിന്റെ പ്രസ്താവന സ്വീകരിക്കില്ലെന്നും വത്സന്‍ തമ്പു പറഞ്ഞു.

Update: 2021-09-22 12:31 GMT
Advertising

കേരളത്തില്‍ നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെങ്കില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനും ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പലുമായ വത്സന്‍ തമ്പു. സമൂഹത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ഒരു അമ്പാണ് ഇപ്പോള്‍ പാലാ പിതാവ് എയ്തുവിട്ടിരിക്കുന്നത്. വിവാദമാവുമ്പോള്‍ അത് സഭയിലെ തന്റെ മക്കളോട് പറഞ്ഞതാണെന്ന് പറഞ്ഞാല്‍ അത് നടക്കില്ല. അങ്ങനെ വാദിക്കുന്നവര്‍ സ്വയം വഞ്ചിക്കുകയാണ്. വര്‍ഗീയ വിദ്വേഷമുണ്ടാക്കുകയോ മതവികാരം വ്രണപ്പെടുത്തുകയോ ചെയ്യുന്ന തരത്തില്‍ ആര് പ്രസ്താവന നടത്തിയാലും അത് കുറ്റകരമാണ്. എന്നാല്‍ തിരുമേനിമാര്‍ പറഞ്ഞാല്‍ നടപടിയുണ്ടാവില്ല എന്ന ബോധ്യത്തിലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും വത്സന്‍ തമ്പു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സി.എന്‍.ഐ സഭയില്‍ മൂന്നു പതിറ്റാണ്ടോളം വൈദികനായി സേവനമനുഷ്ഠിച്ച് പാരമ്പര്യമുള്ള വത്സന്‍ തമ്പുവിന്റെ പ്രതികരണം.

പാലാ ബിഷപ്പിന്റെ പ്രസ്താവന സഭക്കുള്ളില്‍ മാത്രം ഒതുങ്ങാന്‍ ഉദ്ദേശിച്ചുള്ളതല്ല. മതങ്ങളെ തമ്മിലടിപ്പിക്കാനും രാഷ്ട്രീയ നേട്ടം കൊയ്യാനും ലക്ഷ്യമിട്ടുള്ളതാണ്. മതസൗഹാര്‍ദത്തെ പരിപൂര്‍ണമായി നശിപ്പിക്കാനുള്ളതാണ്. ഭീകരമായ സാധ്യതയുള്ള ഒരു പ്രസ്താവന വീട്ടിലെ പ്രശ്‌നമാണെന്ന് പറഞ്ഞാല്‍ സാമാന്യബോധമുള്ള ആരും അംഗീകരിക്കില്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ നല്ല ബോധമുള്ളവരാണ്. അതുകൊണ്ട് അവര്‍ ബിഷപ്പിന്റെ പ്രസ്താവന സ്വീകരിക്കില്ലെന്നും വത്സന്‍ തമ്പു പറഞ്ഞു.

പാലാ ബിഷപ്പിനെ ക്രിസ്ത്യാനിയായി കാണാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും വത്സന്‍ തമ്പു വ്യക്തമാക്കി. അദ്ദേഹത്തിന്റേത് യേശുവിന്റെ മതമല്ല, യേശു പറഞ്ഞപോലെ എനിക്ക് ശേഷം കള്ളപ്രവാചകന്മാര്‍ വരും. അവര്‍ ആടിന്റെ വേഷമണിഞ്ഞ് വന്നാലും ഉള്ളില്‍ കടിച്ചുകീറുന്ന ചെന്നായ്ക്കളാകും. ഇങ്ങനെയൊരു സ്വഭാവം അദ്ദേഹത്തില്‍ കാണുന്നതുകൊണ്ടാണ് കല്ലറങ്ങാട്ട് ബിഷപ്പിന്റെ മതം ഏതെന്ന് അന്വേഷിക്കുന്നതെന്നും വത്സന്‍ തമ്പു പറഞ്ഞു.

ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കുന്നത്. കത്തോലിക്ക സഭ തങ്ങളുടെ യുവതി-യുവാക്കന്മാരെയും കുട്ടികളെയും ആത്മീയത പരിശീലിപ്പിക്കുന്നതില്‍ അമ്പെ പരാജയപ്പെട്ടിട്ടുണ്ട്. ഇതാണ് ആദ്യം നോക്കേണ്ടത്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കാനോ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനോ പാകത്തിലുള്ള ഒന്നും ഒരു ക്രിസ്തീയ സഭയ്ക്കുള്ളില്‍ നടക്കുന്നില്ല. അതുകൊണ്ട് തന്നെ അപകടങ്ങളില്‍ കുട്ടികള്‍ വീഴും. അതിനെ മറ്റു മതക്കാര്‍ നടത്തുന്ന ജിഹാദാണ് എന്നൊക്കെ പറയുന്ന വ്യക്തിക്ക് സുബോധമുണ്ടോ എന്ന് ചോദിക്കേണ്ടി വരുമെന്നും-വത്സന്‍ തമ്പു പറഞ്ഞു.

ലഹരി മരുന്ന് വില്‍ക്കുകയോ വാങ്ങിക്കുകയോ ചെയ്യുന്ന കത്തോലിക്കരെ സഭയില്‍ നിന്ന് മുടക്കും എന്നൊരു ഉത്തരവ് ഇറക്കാന്‍ പാല മെത്രാന് ധൈര്യമുണ്ടോ. ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. കത്തോലിക്കരുടെ ഇടയില്‍ വലിയൊരു അങ്കലാപ്പുണ്ട്. ഭൂമി കുംഭകോണം, സിസ്റ്റര്‍ അഭയയുടെ കൊലപാതകം. കന്യാസ്ത്രീകളുടെ ശവശരീരം കോണ്‍വെന്റുകളിലെ കിണറില്‍ നിന്ന് പെറുക്കിയെടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ വിശ്വാസികള്‍ വീര്‍പ്പുമുട്ടുകയാണ്. ഇതിനെ അഭിമുഖീകരിക്കുവാന്‍ ബിഷപ്പുമാര്‍ക്കോ പുരോഹിതന്മാര്‍ക്കോ സാധ്യമാകുന്നില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധയെ മറ്റൊരു വിധത്തിലേക്ക് തിരിച്ചുവിടുകയാണ് ഇപ്പോള്‍ ബിഷപ്പുമാര്‍ ചെയ്യുന്നതെന്നും വത്സന്‍ തമ്പു പറഞ്ഞു.

ഫ്രാങ്കോ മുളക്കലിനെ കേസില്‍ നിന്ന് ഊരിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. കീഴ്ക്കോടതി ശിക്ഷിച്ചാലും മേല്‍ കോടതിയില്‍ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് കരുതുന്നത്. അതുപോലെതന്നെയാണ് ഭൂമി കുംഭകോണ കേസും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സംഘ്പരിവരിനോട് ചേര്‍ന്ന് നിന്നാല്‍ രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്ന് അവര്‍ക്ക് അറിയാം. കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സംരക്ഷകന്‍ യേശുക്രിസ്തു അല്ലെന്നും ബിജെപിയാണെന്നും അതാണ് ഇപ്പോള്‍ നടക്കുന്നതെന്നും വത്സന്‍ തമ്പു പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News