ഒറ്റപ്പാലത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവതികൾ തട്ടിപ്പ് നടത്തിയതായി പരാതി
തെങ്ങ് പരിപാലനം നടത്താമെന്ന് വാഗ്ദാനം നൽകി സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്നും 3000 രൂപയാണ് ഇവർ തട്ടിയെടുത്തത്
പാലക്കാട് ഒറ്റപ്പാലത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവതികൾ തട്ടിപ്പ് നടത്തിയതായി പരാതി. തെങ്ങ് പരിപാലനം നടത്താമെന്ന് വാഗ്ദാനം നൽകി സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്നും 3000 രൂപയാണ് ഇവർ തട്ടിയെടുത്തത്. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.
കൃഷി വകുപ്പിന്‍റെ അഗ്രി ഹോർട്ടികൾച്ചറൽ ഫാം യൂണിറ്റിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചാണ് 2 സ്ത്രീകൾ ഒറ്റപ്പാലം കണ്ണിയംപുറത്തെ റിട്ട. സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിലെത്തിയത്. തേങ്ങയിടൽ, തെങ്ങിന് ചുവട് വൃത്തിയാക്കൽ, വളപ്രയോഗം എന്നിവ ചെയ്തു തരാൻ പദ്ധതിയുണ്ടെന്നായിരുന്നു വാഗ്ദാനം. ഒരു തെങ്ങിന് 25 രൂപ നിരക്കിൽ സർക്കാർ സബ്സിഡിയോടെ നടപ്പിലാക്കുന്ന പദ്ധതിയാണെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചു.
യന്ത്ര സാമഗ്രികൾ എത്തിക്കാൻ അഡ്വാൻസ് വേണമെന്ന് പറഞ്ഞാണ് 3000 രൂപ കൈക്കലാക്കിയത്. പിന്നീട് രസീതിലും ഫോൺ നമ്പറും വിലാസവും പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നീടു നാട്ടുകാർ കണ്ണിയംപുറം മേഖലയിൽ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഒറ്റപ്പാലത്തെ നിരവധി വിടുകളിലാണ് ഇവർ കയറി ഇറങ്ങിയത്. തട്ടിപ്പ് നടത്തിയ സ്ത്രീകൾക്ക് തങ്ങളുമായി ബന്ധമില്ലെന്നു കൃഷി വകുപ്പ് അറിയിച്ചു.