ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിന് ഇ.ഡിയുടെ നോട്ടീസ്
ചൊവ്വാഴ്ച്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് നടപടി
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഇ.ഡി നോട്ടീസ് അയച്ചു. ചൊവ്വാഴ്ച്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് നടപടി. സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.
മൂന്ന് മില്യൺ ദിർഹത്തിന്റെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇവർ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനായി ഇ.ഡി വിളിച്ചുവരുത്തിയത്.
എന്നാൽ താൻ സർവീസിൽ നിന്നും വിരമിക്കുന്ന ദിവസമാണ് ചൊവ്വാഴ്ച്ചയെന്നും അതിനാൽ തന്നെ മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. എന്നാൽ ഇ.ഡി ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ സ്വപ്‌നയുടെ ലോക്കറിൽ നിന്നും ഒരു കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.