രണ്ടു വർഷത്തിനിടെ കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി മാറി കൊച്ചി
2021 ൽ നാല് സ്ത്രീകളാണ് എം.ഡി.എം.എയുമായി പിടിയിലായതെങ്കിൽ കഴിഞ്ഞ വർഷം അത് എട്ടായി ഉയർന്നു
കൊച്ചി: രണ്ടു വർഷത്തിനിടെ കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി മാറി കൊച്ചി. മറ്റു ജില്ലകളിൽ നിന്നും എത്തി എം.ഡി.എം.എ ഉപയോഗത്തിലൂടെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. ഈ വർഷം മാത്രം 50ലധികം പേരാണ് ഇത്തരത്തിൽ അറസ്റ്റിലായത്. സ്ത്രീകൾ പ്രതികളാകുന്ന കേസുകളും വർധിക്കുകയാണ്.
ലഹരി മരുന്നുകൾ സുലഭമായി കിട്ടുന്ന റേവ് പാർട്ടികൾ അടക്കം ഉന്മാദത്തിന് എല്ലാ അവസരവും കൊച്ചിയിലുണ്ട്. കൊച്ചി പണ്ടേ യുവാക്കൾക്കും വിനോദ സഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണെങ്കിലും രണ്ടു വർഷത്തിനിടെയാണ് എം.ഡി.എം.എ ഹബ്ബായി മാറിയത്. കോവിഡിന് ശേഷമാണ് കൊച്ചിയിലേക്ക് എം.ഡി.എം.എ എത്തിക്കുന്നത് വർധിച്ചത്. ഇതോടെ എം.ഡി.എം.എ ഉപയോഗിക്കാൻ എത്തുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി.
കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടിക്കപ്പെട്ട 176 പേരിൽ 100 ഓളം പേർ മറ്റ് ജില്ലകളിൽ നിന്നുളളവരാണ്. ഈ വർഷം പിടിലായത് 50 ഓളം പേരാണ്. കോളജ് വിദ്യാർത്ഥികളടക്കമാണ് ലഹരിയുമായി നഗരത്തിലേക്ക് എത്തുന്നത്. പാലക്കാടുളള കോളജിലെ മൂന്ന് നിയമ വിദ്യാർത്ഥികൾ നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിൽ നിന്ന് എം.ഡി.എം.എയുമായി പിടിയിലായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അതിനിടെ എം.ഡി.എം.എയുമായി പിടിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനയുണ്ട്. 2021 ൽ നാല് സ്ത്രീകളാണ് പിടിയിലായതെങ്കിൽ കഴിഞ്ഞ വർഷം അത് എട്ടായി ഉയർന്നു.