വെഞ്ഞാറമൂട്ടിൽ മാതാവിനെയടക്കം ആറുപേരെ വെട്ടി യുവാവ്; സഹോദരൻ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു
ആറുപേരെ കൊന്നെന്ന് പറഞ്ഞാണ് 23കാരൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നത്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും വെട്ടിക്കൊന്ന് യുവാവ്. പേരുമല സ്വദേശി അഫാനാണ് (23) കൊലപാതകം നടത്തിയത്. ആറുപേരെ കൊന്നെന്ന വാദവുമായി യുവാവ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പരിശോധനയിൽ അഞ്ച് പേർ മരിച്ചതായി കണ്ടെത്തി. പിതാവിന്റെ മാതാവ് സൽമ ബീവി (88), ബന്ധുക്കളായ ലത്തീഫ് (66), ഷാഹിദ (58), സഹോദരൻ അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന എന്നിവരാണ് മരിച്ചത്. കാൻസർ രോഗിയായ മാതാവ് ഷെമി വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ചുറ്റിക കൊണ്ടാണ് എല്ലാവരെയും ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
മൂന്ന് സ്ഥലങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നത്. പേരുമലയിലെ വീട്ടിൽ വെച്ചാണ് 13കാരനായ സഹോദരൻ, മാതാവ്, പെൺസുഹൃത്ത് എന്നിവരെ വെട്ടുന്നത്. എസ്എൻപുരം ചുള്ളാളത്ത് വെച്ച് ബന്ധുക്കളായ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തി. ലത്തീഫിന്റെ മൃതദേഹം ഹാളിലും ഷാഹിദയുടെ മൃതദേഹം അടുക്കളയിലുമാണ് കണ്ടെത്തിയത്. രണ്ടുപേരുടെയും തലയിലാണ് വെട്ടേറ്റത്. വെഞ്ഞാറമൂട് പാങ്ങോടുള്ള വീട്ടിൽ വെച്ചാണ് പിതാവിന്റെ മാതാവ് സൽമ ബീവിയെ കൊലപ്പെടുത്തിയത്.
കൊല നടത്തിയശേഷം ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. അതിനുശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. കൊലപാതക ശേഷം പ്രതി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി പറഞ്ഞതിനാൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
അഫാൻ പിതാവിനൊപ്പം വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് പോയി തിരിച്ചുവന്നതാണെന്നും അക്രമസ്വഭാവമുള്ള ആളല്ലെന്നും നാട്ടുകാർ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി പ്രതി പലരോടും പറഞ്ഞതായി വിവരമുണ്ട്.