ഇന്നും തുറന്നുകൊടുക്കില്ല; കഴക്കൂട്ടം ആകാശപാതയുടെ ഉദ്ഘാടനം അനിശ്ചിതത്വത്തിൽ
കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കിടയിലെ ഭിന്നത കാരണമെന്ന് ആക്ഷേപം
തിരുവനന്തപുരം: കഴക്കൂട്ടം ആകാശപാതയുടെ ഉദ്ഘാടനം അനിശ്ചിതത്വത്തിൽ. ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാനായിരുന്നു നിശ്ചയിച്ചതെങ്കിലും തീരുമാനം മാറ്റി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലെ ഭിന്നതയാണ് എലവേറ്റഡ് ഹൈവേ ഉദ്ഘാടനം വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
ഒക്ടോബർ 21 ന് മേൽപാലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നവംബർ 15 ന് മേൽപാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമിച്ച മേൽപ്പാലത്തിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിൽ കേന്ദ്രം അതൃപ്തിയിലാണ്. ഇന്ന് ഗതാഗതത്തിനായി മേൽപ്പാലം തുറക്കരുതെന്ന് ദേശീയപാത അതോറിറ്റിക്ക് കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു.
കേന്ദ്രമന്ത്രിമാരെ ആരെയെങ്കിലും കൊണ്ടുവന്ന് ഉദ്ഘാടനം നടത്താനാണ് നിലവിൽ ആലോചന. പദ്ധതി നിർമാണ ഉദ്ഘാടനം നടത്തിയ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കൊണ്ട് വരാനുള്ള ശ്രമമാണ് നടക്കുന്നത്. നിർമാണം പൂർത്തിയായിട്ടില്ലെന്നും അടുത്ത മാസം ഉദ്ഘാടനം ഉണ്ടാകുമെന്നാണ് ദേശീയ പാത അതോറിട്ടി നൽകുന്ന വിശദീകരണം. 2.72 കിലോമീറ്റർ നീളത്തിലാണ് ആകാശപാത. 200 കോടിയാണ് മുടക്ക് മുതൽ. 2018 ൽ നിർമാണമാരംഭിച്ചെങ്കിലും കോവിഡ് പലതവണ വില്ലനായി. പാത തുറന്നാൽ കഴക്കൂട്ടത്തെ ഗതാഗത കുരുക്കിന് അറുതിയാകും.