തൃശൂരിൽ യുവാവിനെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതിനാണ് അറസ്റ്റ്
തൃശൂർ ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയും കൊല്ലപ്പെട്ടയാളുടെ സഹോദരനുമായ സാബുവിന്റെ സുഹൃത്തായ സുനിലാണ് പിടിയിലായത്. മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതിനാണ് അറസ്റ്റ്. പ്രതി കുറ്റം സമ്മതിച്ചിരിക്കുകയാണ്. 2011 ൽ നടന്ന കൊലപാതക കേസിലും പ്രതിയാണിയാൾ. പ്രതിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തറിഞ്ഞത്.
മാർച്ച് 19ന് രാത്രിയോടെ ചേർപ്പ് മുത്തുള്ളി സ്വദേശി കെജെ ബാബുവിനെ സഹോദരൻ സാബുവാണ് കൊല്ലപ്പെടുത്തിയിരുന്നത്. ശേഷം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. സാബു സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെയാണെന്ന് പിന്നീട് പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ നിന്ന് മണ്ണ് കണ്ടെത്തുകയായിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രതി സാബുവിന്റെ മൊഴി. കഴുത്തുഞെരിച്ച് ബോധം പോയപ്പോൾ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബാബു മദ്യപിച്ചു ബഹളംവച്ചതാണ് കൊലപാതകത്തിന് കാരണം. പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസിയാണ് മണ്ണ് ഇളകിക്കിടക്കുന്നതായി കണ്ടത്. സംശയം തോന്നിയ നാട്ടുകാർ മണ്ണ് മാറ്റിയപ്പോൾ മണ്ണിനടിയിൽ ഹോളോ ബ്രിക്സ് കട്ടകൾ നിരത്തിയതായി കണ്ടെത്തി. കട്ടകൾ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. കയ്യിൽ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു.ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സാബു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
Incident in which a youth was killed and buried in Thrissur; Another arrested